നിക്ഷേപകര്‍ കൊള്ളയടിക്കുമെന്ന ധാരണ തിരുത്തണം: മുഖ്യമന്ത്രി

തൃശൂര്‍: നിക്ഷേപകര്‍ നാടിനെ കൊള്ളയടിക്കാനാണു വരുന്നതെന്ന പഴയ ധാരണ തിരുത്തേണ്ട കാലം പണ്ടേ കഴിഞ്ഞെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ലുലു ഗ്രൂപ്പ് പുഴയ്ക്കല്‍ ലുലു കണ്‍വന്‍ഷന്‍ സെന്ററിനു സമീപം ആരംഭിച്ച ആഡംബര ഹോട്ടല്‍ ഹയാത്ത് റീജന്‍സി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തു നിക്ഷേപംകൂട്ടണം. വികസനത്തില്‍ നിക്ഷേപകര്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. യുവജനങ്ങളുടെ കാര്യശേഷി കൂട്ടാന്‍ യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി ആരംഭിക്കുന്നതിനു സംരംഭകരുടെ സഹായം വേണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ടൂറിസം മേഖലയില്‍ ലുലു ഗ്രൂപ്പ് കൊച്ചിയിലും തൃശൂരിലും ആരംഭിച്ച രാജ്യാന്തര നിലവാരമുള്ള ഹയാത്ത് ഹോട്ടലുകള്‍ മികച്ച മാതൃകയാണ്. ടൂറിസം വികസനത്തിനു നാടെങ്ങും മികച്ച ഹോട്ടലുകളും ഹോം സ്റ്റേകളും വളര്‍ത്തണം മുഖ്യമന്ത്രി പറഞ്ഞു. വിനോദ സഞ്ചാര മേഖലയില്‍ ഇപ്പോള്‍ ലഭിക്കുന്ന 36,000 കോടി രൂപയുടെ വരുമാനം ലക്ഷം കോടി രൂപയിലേക്കു വളര്‍ത്തണമെന്ന് അധ്യക്ഷത വഹിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. റീജന്‍സി ബാള്‍ റൂം മന്ത്രി വി.എസ്. സുനില്‍കുമാറും റീഗല്‍ ബാള്‍റൂം മന്ത്രി എ.സി. മൊയ്തീനും റീജന്‍സി കഫെ ടി.എന്‍. പ്രതാപന്‍ എംപിയും ഉദ്ഘാടനം ചെയ്തു. മേയര്‍ അജിത വിജയന്‍, ഹയാത്ത് ഇന്ത്യ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് സഞ്ജയ് ശര്‍മ എന്നിവര്‍ ആശംസയര്‍പ്പിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി സ്വാഗതവും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷറഫലി നന്ദിയും പറഞ്ഞു. എം.കെ. അബ്ദുള്ള, ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്ക, കല്യാണ്‍ ജ്വല്ലേഴ്‌സ് ചെയര്‍മാന്‍ ടി.എസ്. കല്യാണരാമന്‍, കല്യാണ്‍ സില്‍ക്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. പട്ടാഭിരാമന്‍ തുടങ്ങി വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖരും രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ നേതാക്കളും അടക്കമുള്ള പൗരപ്രമുഖര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍