ജെഫ് ബെസോസിന്റെ ഫോണ്‍ ചോര്‍ത്തിയതില്‍ സൗദി കിരീടാവകാശിക്ക് ബന്ധമുണ്ടെന്ന വാദം തള്ളി സൗദി അറേബ്യ

സൗദി:ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ഫോണ്‍ ചോര്‍ത്തിയതില്‍ സൗദി കിരീടാവകാശിക്ക് ബന്ധമുണ്ടെന്ന വാദം തള്ളി സൌദി അറേബ്യ. പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണെന്നും തങ്ങള്‍ ഇത് നേരത്തെ തള്ളിക്കളഞ്ഞതാണെന്നും സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ വ്യക്തമാക്കി.തുര്‍ക്കിയിലെ സൌദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ട സൌദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗി വാഷിങ്ടണ്‍ പോസ്റ്റില്‍ കോളമിസ്റ്റായിരുന്നു. ഈ പത്രത്തിന്റെ കൂടി ഉടമസസ്ഥനാണ് ആമസോണ്‍ സ്ഥാപകനും പ്രസിഡന്റുമായ ജെഫ് ബെസോസ്. ഇദ്ദേഹത്തിന്റെ ടെലഫോണ്‍ സംഭാഷണങ്ങള്‍ സൌദി കിരീടാവകാശി ചോര്‍ത്തിയെന്നായിരുന്നു വാര്‍ത്തകള്‍. ദാവോസിലെ ലോക സാമ്പത്തിക ഫോറം ഉച്ചേകാടിക്കിടെ മാധ്യമങ്ങളോട് പ്രതികരിക്കവെ, സൌദി വിദേശ കാര്യ മന്ത്രിയും സഹ മന്ത്രിയും ഈ വാദങ്ങള്‍ തള്ളി. ഫോണ്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട് യഥാര്‍ഥ റിപ്പോര്‍ട്ടല്ലെന്നും സ്വകാര്യ കമ്പനി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള പ്രസ്താവന മാത്രമാണെന്നും വിദേശകാര്യമന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ വ്യക്തമാക്കി. സ്വകാര്യ കമ്പനി റിപ്പോര്‍ട്ടിനെയും റിപ്പോര്‍ട്ടിലെ നിഗമനത്തെയും കുറിച്ച് ഒരു സ്വതന്ത്ര ഏജന്‍സിയും അന്വേഷണം നടത്തിയിട്ടില്ല. തങ്ങളുടെ വാദത്തിന് വ്യക്തമായ തെളിവില്ല എന്ന് സ്വകാര്യ കമ്പനി റിപ്പോര്‍ട്ട് തന്നെ പറയുന്നുമുണ്ട്.ജെഫ് ബെസോസിന്റെ ഫോണ്‍ ചോര്‍ത്തലില്‍ സൗദി അറേബ്യക്ക് പങ്കുണ്ടെന്ന തെളിവുകള്‍ ഹാജരാക്കുന്ന പക്ഷം സംഭവം സംബന്ധിച്ച് സൗദി അറേബ്യ വിശദമായ അന്വേഷണത്തിന് തയാറാണ്. ഫോണ്‍ ചോര്‍ത്തിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ചില കള്ളവാദങ്ങളുടെ അടിസ്ഥാനത്തിലാണ് സൗദിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും വിദേശ സഹമന്ത്രി ആദില്‍ ജുബൈര്‍ വ്യക്തമാക്കി. സൗദിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കാന്‍ മനഃപൂര്‍വം പടച്ചുവിടുന്നതാണ് ഇത്തരം കള്ളക്കഥകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍