ബോര്‍ഡുകളും കൊടിതോരണങ്ങളും ഉടന്‍ നീക്കണം: ഹൈക്കോടതി

കൊച്ചി: പൊതുസ്ഥലത്തെ അനധികൃത ബോര്‍ഡുകളും കൊടി തോരണങ്ങളും 15 ദിവസത്തിനുള്ളില്‍ മാറ്റാന്‍ നിര്‍ദേശിക്കണമെന്നും ഇതില്‍ വീഴ്ച വരുത്തിയാല്‍ സ്ഥാപിച്ച വ്യക്തികള്‍ക്കെതിരേ ശിക്ഷാനടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നതിനെതിരേ സ്വമേധയാ പരിഗണിക്കുന്ന ഹര്‍ജിയിലാണു ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റെ നിര്‍ദേശം. പൊതുസ്ഥലത്ത് അനധികൃതമായി കൊടിതോരണങ്ങളും ബോര്‍ഡുകളും സ്ഥാപിക്കുന്നത് കൈയേറ്റമാണെന്നു വിലയിരുത്തി നടപടിയെടുക്കാന്‍ കഴിയുമെന്നും ഒരു ലക്ഷം രൂപ വരെ പിഴയും അഞ്ചു വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. നിയമലംഘകര്‍ക്കെതിരേ ഭൂസംരക്ഷണ നിയമം, പോലീസ് ആക്ട്, കേരള മുനിസിപ്പാലിറ്റി പഞ്ചായത്തിരാജ് നിയമങ്ങള്‍, ഇന്ത്യന്‍ ശിക്ഷാനിയമം, ഹൈവേ സംരക്ഷണ നിയമം, തുടങ്ങിയവ പ്രകാരം നടപടിയെടുക്കാം. അനധികൃത ബോര്‍ഡും ബാനറുകളും സ്ഥാപിക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നും വീഴ്ച വരുത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും വ്യക്തമാക്കി ഡിജിപി സര്‍ക്കുലര്‍ ഇറക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍