ദിശാബോധമുള്ളതാകണം വായന: മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

കൊല്ലം: മാനവികതയെ ഉണര്‍ത്താന്‍ കഴിയുന്ന തരത്തില്‍ ദിശാബോധമുള്ളതാകണം വായനയെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കൊല്ലം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗ്രന്ഥശാലാ സംഘം പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ആഴത്തിലുള്ള വായന പ്രതിരോധം കൂടിയാണ്. ഫെയ്‌സ്ബുക്കിലും വാട്‌സ് ആപ്പിലും മാത്രമാക്കി വായന ചുരുങ്ങരുത്. നിഷ്‌കളങ്കവും ക്ലാസിക്കലുമായ കേവല വായന മൂലധന ശക്തികളുടെ ആശയങ്ങളെ അറിയാതെ സ്വീകരിക്കാനിടയാക്കുമെന്നും മന്ത്‌റി പറഞ്ഞു. എം നൗഷാദ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ചവറ കെ.എസ് പിള്ള, എസ്. നാസര്‍, ഡി. സുകേശന്‍, ആര്‍. അനില്‍, ജി. വേലായുധന്‍, അബുബേക്കര്‍ കുഞ്ഞ് എന്നിവര്‍ സംസാരിച്ചു. കെ.ബി. മുരളീകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ഗ്രന്ഥശാലാ സംഗമം മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 'കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം ഇന്നലെ ഇന്ന് നാളെ' എന്ന വിഷയത്തില്‍ ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍.എസ്. വിനോദും 'നവകേരള നിര്‍മ്മിതിയില്‍ ഗ്രന്ഥശാലകളുടെ പങ്ക്' എന്ന വിഷയത്തില്‍ ഡോ. പി.കെ. ഗോപനും പ്രഭാഷണം നടത്തി. 'നമ്മളൊന്ന്' എന്ന വിഷയത്തില്‍ സമൂഹ ചിത്രരചനയും ആതിര സുന്ദറിന്റെ കേരളീയം നൃത്ത പരിപാടിയും നടന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍