ഇന്നുമുതല്‍ സ്വര്‍ണം ഹാള്‍മാര്‍ക്ക്ഡ്

കൊച്ചി: രാജ്യത്ത് സ്വര്‍ണാഭരണങ്ങള്‍ക്ക് ബി.ഐ.എസ് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കുന്ന നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. 14, 18, 22 കാരറ്റ് സ്വര്‍ണാഭരണങ്ങളാണ് വ്യാപാരികള്‍ ഹാള്‍മാര്‍ക്ക് ചെയ്യേണ്ടത്. ഇതിനായി, ഒരുവര്‍ഷത്തെ സാവകാശം നല്‍കും. ഫലത്തില്‍, 2021 ജനുവരി 15 മുതല്‍ ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണാഭരണങ്ങള്‍ മാത്രമേ വില്‍ക്കാനാകൂ. ബി.ഐ.എസ് ഹാള്‍മാര്‍ക്കിംഗിലേക്ക് മാറാനും പഴയ സ്വര്‍ണാഭരണങ്ങള്‍ വിറ്റഴിക്കാനുമാണ് ഒരുവര്‍ഷത്തെ സമയം വിതരണക്കാര്‍ക്ക് നല്‍കുന്നത്. മാനദണ്ഡം ലംഘിക്കുന്നവര്‍ക്ക് ഒരുലക്ഷം രൂപ മുതല്‍ സ്വര്‍ണാഭരണത്തിന്റെ മൂല്യത്തിന്റെ അഞ്ചിരട്ടി വരെ പിഴ, ഒരുവര്‍ഷം ജയില്‍ എന്നീ ശിക്ഷകള്‍ കേന്ദ്രം പാസാക്കിയ ബി.ഐ.എസ് ആക്ടിലുണ്ട്. ഉപഭോക്താക്കളുടെ കൈവശമുള്ള സ്വര്‍ണാഭരണങ്ങള്‍ക്ക് പുതിയ നിബന്ധന ബാധകമല്ല. സ്വര്‍ണം ബി.ഐ.എസ് ഹാള്‍മാര്‍ക്ക് ചെയ്തതാണോ എന്നറിയാന്‍ ഉപഭോക്താക്കള്‍ ആഭരണത്തില്‍ നാല് കാര്യങ്ങള്‍ നോക്കണം: 1. ബി.ഐ.എസ് മാര്‍ക്ക്, 2. കാരറ്റില്‍ സൂചിപ്പിച്ച നിലവാരം, 3. ഹാള്‍മാര്‍ക്കിംഗ് സ്ഥാപനത്തിന്റെ പേര്, 4. ജുവലറിയുടെ ഐഡന്റിഫിക്കേഷന്‍. രാജ്യത്ത് 234 ജില്ലകളിലായി 892 ബി.ഐ.എസ് ഹാള്‍മാര്‍ക്കിംഗ് സ്ഥാപനങ്ങളാണുള്ളത്.28,849 വ്യാപാരികള്‍ ബി.ഐ.എസ് രജിസ്‌ട്രേഷന്‍ നേടിയിട്ടുണ്ട്. 2019ന്റെ ആദ്യ ഒമ്പതുമാസത്തില്‍ ഇന്ത്യക്കാര്‍ വാങ്ങിയത് 496.11 ടണ്‍ സ്വര്‍ണമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍