നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണവേട്ട; സ്ത്രീകളടക്കം മൂന്നുപേര്‍ പിടിയില്‍

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒന്നേമുക്കാല്‍ കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. രണ്ട് സ്ത്രീകളടക്കം മൂന്ന് യാത്രക്കാരാണ് സ്വര്‍ണവുമായി പിടിയിലായത്. പിടികൂടിയ സ്വര്‍ണത്തിന് 58 ലക്ഷം രൂപ വില വരും. എയര്‍ ഏഷ്യ വിമാനത്തില്‍ ക്വലാലംപൂരില്‍ നിന്നും വന്ന കോഴിക്കോട് സ്വദേശിനിയായ സ്ത്രീയില്‍ നിന്നും 750 ഗ്രാം സ്വര്‍ണ മിശ്രിതമാണ് പിടികൂടിയത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മറ്റൊരു എയര്‍ ഏഷ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നും എത്തിയ കൊച്ചി സ്വദേശിനിയായ യുവതിയില്‍ നിന്നും 250 ഗ്രാം സ്വര്‍ണം പിടികൂടി. തങ്ക വളകളാക്കി ഇവര്‍ കാലിലും കൈയിലും ധരിച്ച ശേഷം അതിനു മുകളില്‍ വസ്ത്രം ഉപയോഗിച്ച് മറച്ചിരിക്കുകയായിരുന്നു. ദുബൈയില്‍ നിന്നും എമിറേറ്റ്‌സ് വിമാനത്തില്‍ എത്തിയ തൃശൂര്‍ സ്വദേശി 750 ഗ്രാം സ്വര്‍ണമാണ് പാന്റിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍