കടലില്‍ ഹോട്ടലുകള്‍ പണിയാനൊരുങ്ങി ഖത്തര്‍

ദോഹ: 2022 ലോകകപ്പിനെത്തുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക് താമസമൊരുക്കാനായി ഖത്തര്‍ കടലില്‍ പൊങ്ങിക്കിടക്കുന്ന ഹോട്ടലുകള്‍ നിര്‍മ്മിക്കും. 1500ലധികം റൂമുകളുള്ള 16 ഫ്‌ലോട്ടിങ് ഹോട്ടലുകളാണ് നിര്‍മ്മിക്കുന്നത്. അറേബ്യന്‍ ഉപദ്വീപില്‍ ആദ്യമായി നടക്കുന്ന 2022 ഖത്തര്‍ ലോകകപ്പിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒരു മില്യണ്‍ ആരാധകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവര്‍ക്ക് വ്യത്യസ്തവും ആകര്‍ഷണീയവും സൌകര്യപ്രദവുമായ താമസയിടങ്ങളൊരുക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് കടലില്‍ പൊങ്ങിക്കിടക്കുന്ന ഹോട്ടലുകള്‍ നിര്‍മ്മിക്കുക. സര്‍ക്കാര്‍ സംവിധാനമായ കത്താറ ഹോസ്പിറ്റാലിറ്റിക്ക് കീഴിലുള്ള കെറ്റൈഫാന്‍ പ്രോജക്ട്‌സാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കുന്നത്. പ്രമുഖ നിര്‍മ്മാണ കമ്പനിയായ അഡ്‌മെയര്‍സ് കണ്‍സ്ട്രക്ഷന്‍സുമായി കെറ്റൈഫാന്‍ ഇത് സംബന്ധിച്ച ധാരണയില്‍ ഒപ്പുവെച്ചു. ഖത്തറിലെ കെറ്റൈഫാന്‍ തീരത്താണ് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഫ്‌ലോട്ടിങ് ഹോട്ടലുകള്‍ നിര്‍മ്മിക്കുക. മൊത്തം 16 ഫ്‌ലോട്ടിങ് ഹോട്ടലുകള്‍ക്കാണ് കരാര്‍. ഇത്രയും ഹോട്ടലുകളിലായി മൊത്തം 1616 റൂമുകള്‍ സജ്ജീകരിക്കും. 72 മീറ്റര്‍ നീളവും 16 മീറ്റര്‍ വീതിയുമാണ് ഓരോ ഹോട്ടല്‍ റൂമുകള്‍ക്കുമുണ്ടാകുക. ലോക നിലവാരത്തിലുള്ള റസ്റ്റോറന്റുകളുള്‍പ്പെടെയുള്ള മുഴുവന്‍ സൌകര്യങ്ങളും ഹോട്ടലുകളില്‍ ഒരുക്കും. കെറ്റൈഫാന്‍ പ്രോജക്ട്‌സ് വൈസ് ചെയര്‍മാന്‍ ശൈഖ് നാസര്‍ ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി, സി.ഇ.ഒ ഹിഷാം ഷറഫ്, അഡ്‌മെയര്‍സ് കണ്‍സട്രക്ഷന്‍ കമ്പനി സി.ഇ.ഒ മൈക്കല്‍ ഹെഡ്‌ബെര്‍ഗ് തുടങ്ങിയവര്‍ ധാരണ ഒപ്പുവെക്കല്‍ ചടങ്ങില്‍ പങ്കെടുത്തു. സ്വകാര്യ പങ്കാളിത്തത്തിലായിരിക്കും ഹോട്ടലുകളുടെ നിര്‍മ്മാണം. ഇതിനകം തന്നെ നിരവധി നിക്ഷേപകര്‍ ഈ പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറായത് സന്തോഷകരമായ കാര്യമാണെന്ന് ശൈഖ് നാസര്‍ ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി പറഞ്ഞു. ഖത്തറിന്റെയും മേഖലയുടെയും ടൂറിസം വളര്‍ച്ചയ്ക്കും ഈ പദ്ധതി വലിയ ഊര്‍ജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു. സൗരോര്‍ജ്ജം ഉപയോഗിച്ചായിരിക്കും ഹോട്ടലിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും സംവിധാനിക്കുക. ഏറ്റവും നവീനവും ആകര്‍ഷണവുമായ ഡിസൈനിലായിരിക്കും ഹോട്ടലുകളുടെ നിര്‍മ്മാണമെന്ന് അഡ്‌മെയര്‍സ് സി.ഇ.ഒ പറഞ്ഞു. ഒറ്റനോട്ടത്തില്‍ ആഡംബര കപ്പലുകള്‍ തീരത്ത് നിര്‍ത്തിയിട്ടത് പോലെയായിരിക്കും ഹോട്ടലുകളുണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍