ജനസംഖ്യാ കണക്കെടുപ്പ് ഇവിടെ വേണ്ട: മുഖ്യമന്ത്രി

തൃശൂര്‍: ഓരോ സംഘടനയും ഒറ്റയ്‌ക്കൊറ്റയ്ക്കു ശക്തരാണെങ്കിലും ദേശീയ പൗരത്വ ബില്ലിനെതിരേ യോജിച്ചുള്ള പോരാട്ടമാണ് വേണ്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
എല്ലാവരും ഒത്തൊരുമിച്ചു നില്‍ക്കേണ്ട സന്ദര്‍ഭത്തില്‍ അതു പാടില്ലെന്നു ചിലര്‍ പ്രതികരിക്കുന്നു. യോജിച്ച സമരത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ പിന്നെയാകട്ടെ എന്നാണ് പ്രതിപക്ഷനേതാവ് നിലപാടെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനാ സംരക്ഷണ സമിതി തൃശൂരില്‍ സംഘടിപ്പിച്ച ഭരണഘടനാസംരക്ഷണ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയ ജനസംഖ്യാ കണക്കെടുപ്പും പൗരത്വ രജിസ്റ്ററും പരസ്പരം ബന്ധപ്പെട്ടതാണ്. പൗരത്വ രജിസ്റ്ററിനു മുന്നോടിയാണ് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് പൗരത്വ രജിസ്റ്റര്‍ തയാറാക്കാനാവുന്നത്.
അതിനാല്‍തന്നെ ദേശീയ ജനസംഖ്യാ രജിസ്റ്ററിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല. പൗരത്വ ബില്ലിനെതിരേ ജനം പെട്ടെന്നു പ്രതികരിച്ചു. അക്കഡമിക് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുള്‍പ്പെടെ എടുത്ത നിലപാടും ശ്രദ്ധിക്കപ്പെട്ടു. മുമ്പു സ്വാതന്ത്ര്യ സമരവേളയിലാണ് ഇതുപോലെ ജനം തെരുവിലിറങ്ങിയത് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ കെ.ടി. ജലീല്‍, എ.സി. മൊയ്തീന്‍, വി.എസ്. സുനില്‍കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, സിപിഎം ജില്ലാസെക്രട്ടറി എം.എം. വര്‍ഗീസ്, കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍, മാര്‍ അപ്രേം മെത്രാപ്പോലീത്ത, പന്ന്യന്‍ രവീന്ദ്രന്‍, സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍, ബേബി ജോണ്‍, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ഡോ. മുഹമ്മദ് സെയ്ദ് ഭരണഘടനയുടെ ആമുഖം വായിച്ചു.ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍