നയപ്രസംഗത്തിലെ സി.എ.എ പരാമര്‍ശങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: നിയമസഭയില്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നയപ്രഖ്യാപനത്തിലുള്ള, പൗരത്വ നിയമ ഭേദഗതിയെ സംബന്ധിക്കുന്ന പരാമര്‍ശങ്ങളിലാണ് ഗവര്‍ണര്‍ക്ക് വിയോജിപ്പ്. കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയം സഭയില്‍ പരാമര്‍ശിക്കുന്നത് ഉചിതമല്ലെന്നും ഇത്തരം പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട ഭാഗങ്ങള്‍ പ്രസംഗത്തില്‍ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അധികം വൈകാതെ ഗവര്‍ണര്‍ സര്‍ക്കാരിനെ സമീപിക്കുമെന്നാണ് വിവരം.
സി.എ.എ പരാമര്‍ശങ്ങള്‍ നയപ്രസംഗത്തില്‍ നിന്നും സര്‍ക്കാര്‍ മാറ്റിയില്ലെങ്കില്‍ എന്തുവേണമെന്നതില്‍ ഗവര്‍ണര്‍ നിയമോപദേശം തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നയപ്രഖ്യാപന പ്രസംഗത്തിന്റെ പകര്‍പ്പ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചുകൊടുത്തിരുന്നു. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തുകൊണ്ട് നിയമസഭയില്‍ പ്രമേയം പാസാക്കിയത് സംബന്ധിച്ചുള്ള പരാമര്‍ശം, സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍, കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍, എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ നയപ്രസംഗത്തില്‍ നിന്നും നീക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെടുന്നത്.
സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം സഭയുടെ പരിധിക്കുള്ളില്‍ കൊണ്ടുവരുന്നത് ചട്ടലംഘനമാണെന്നാണ് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നത്. തന്റെ വിയോജിപ്പ് ഇതിനോടകം ചീഫ് സെക്രട്ടറിയേയും അദ്ദേഹം അറിയിച്ചിട്ടുണ്ടെന്നും വിവരമുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍