ഇംപീച്ച്‌മെന്റ്: ട്രംപിനുവേണ്ടി വാദിക്കാന്‍ ക്ലിന്റന്റെ അഭിഭാഷകന്‍

വാഷിംഗ്ടണ്‍ ഡിസി: യുഎസ് സെറ്റില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരേ നടക്കുന്ന ഇംപീച്ച്‌മെന്റ് പ്രതിരോധിക്കാനുള്ള സംഘത്തില്‍ ബില്‍ ക്ലിന്റനെതിരേ നടന്ന ഇംപീച്ച്‌മെന്റില്‍ അദ്ദേഹത്തിനു വേണ്ടി വാദിച്ച കെന്‍ സ്റ്റാറും അമേരിക്കയിലെ സെലിബ്രിറ്റി അഭിഭാഷകന്‍ അലന്‍ ഡെര്‍ഷോവിറ്റ്‌സും. വൈറ്റ്ഹൗസ് കോണ്‍സല്‍ പാറ്റ് സി പോളോണ്‍, ട്രംപിന്റെ സ്വകാര്യ അഭിഭാഷകന്‍ ജെ സെകുലോവ് എന്നിവരും സംഘത്തിലുണ്ട്. മറ്റ് അഭിഭാഷകരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ട്രംപ് തെറ്റായി ഒന്നും ചെയ്തിട്ടില്ല. അടിസ്ഥാനരഹിതമായ ഈ ഇംപീച്ച്‌മെന്റ് വോട്ടര്‍മാരും നമ്മുടെ ജനാധിപത്യവും തള്ളിക്കളയും. ട്രംപിന്റെ അഭിഭാഷകര്‍ വിജയിക്കുകതന്നെ ചെയ്യും വൈറ്റ്ഹൗസ് ഇന്നലെ വൈകുന്നേരം പ്രസ്താവനയില്‍ അറിയിച്ചു.
1998 ല്‍ പ്രസിഡന്റ് ക്ലിന്റനെതിരേ നടന്ന ഇംപീച്ച്‌മെന്റില്‍ കെന്‍ സ്റ്റാര്‍ ആയിരുന്നു സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍. ക്ലിന്റനെ സെനറ്റ് കുറ്റവിമുക്തനാക്കുകയും ചെയ്തു. ധനകാര്യസ്ഥാപന മേധാവി ജെഫ്‌റി എപ്സ്റ്റീന്‍, സംവിധായകന്‍ റൊമാന്‍ പൊളാന്‍സ്‌കി, ബോക്‌സിംഗ് താരം മൈക്ക് ടൈസന്‍ എന്നിവരുടെ അഭിഭാഷകനായിരുന്നു ഡെര്‍ഷോവിറ്റ്‌സ്. എപ്സ്റ്റീന്റെ ലൈംഗിക കുറ്റങ്ങളില്‍ ഡെര്‍ഷോവിറ്റ്‌സ് സാക്ഷിയാണെന്നും ആരോപണമുണ്ട്.
ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജൊ ബൈഡനെതിരേ അന്വേഷണം നടത്താന്‍ യുക്രൈനു മേല്‍ ട്രംപ് സമ്മര്‍ദം ചെലുത്തിയതിനാണ് ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തത്. ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തതിനാല്‍ സെനറ്റില്‍ വിചാരണ നേരിടണം.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റില്‍ ഇംപീച്ച്‌മെന്റ് പാസാകില്ലെങ്കിലും വിചാരണയില്‍ ട്രംപിനെ വെള്ളം കുടിപ്പിക്കാനാണ് ഡെമോക്രാറ്റുകളുടെ തീരുമാനം. ക്ലിന്റനെതിരേയുള്ള അന്വേഷണം പൂര്‍ത്തികരിച്ച റോബര്‍ട്ട് വില്യം റേയും ട്രംപിനെ സഹായിക്കാനെത്തുമെന്ന് സൂചനയുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍