ഇറാനെ ഒഴിവാക്കി ഇന്ത്യന്‍ വിമാനങ്ങള്‍

ന്യൂഡല്‍ഹി: ഇറാന്‍അമേരിക്ക സംഘര്‍ഷങ്ങള്‍ കാരണം ഇന്ത്യന്‍ വിമാനങ്ങള്‍ 40 മിനിറ്റ് വരെ അധികം പറക്കേണ്ടി വരുന്നു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാന്റെ വ്യോമപാത ഒഴിവാക്കാന്‍ എയര്‍ലൈന്‍ കമ്പനികള്‍ തീരുമാനിച്ചതോടെയാണിത്. ഇന്ത്യയില്‍ നിന്നും പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കുമുള്ള വിമാന സര്‍വീസുകളാണ് അധികം പറക്കേണ്ടി വരുന്നത്.
ഡല്‍ഹിയില്‍ നിന്നും പോകുന്നതും അവിടേയ്ക്ക് വരുന്നതുമായ വിമാനങ്ങള്‍ 20 മിനിറ്റ് അധികം പറന്നാണ് ഇറാന്‍ ആകാശപാത ഒഴിവാക്കുന്നത്. എന്നാല്‍ മുംബൈയിലേക്ക് വരുന്നതും പോകുന്നതുമായ വിമാനങ്ങള്‍ 40 മിനിറ്റോളം അധികം പറക്കേണ്ടി വരുന്നുണ്ട്.
അധികമായി പറക്കേണ്ടി വരുന്ന സാഹചര്യമുണ്ടെങ്കിലും നിലവില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കേണ്ടെന്നാണ് എയര്‍ലൈന്‍ കമ്പനികള്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ നിലവിലെ സ്ഥിതി ദീര്‍ഘകാലത്തേക്ക് തുടര്‍ന്നാല്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്നും കമ്പനികള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇറാക്കിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് പിന്നാലെയാണ് വിവിധ രാജ്യങ്ങള്‍ ഇറാന്റെ വ്യോമപാത ഒഴിവാക്കാന്‍ എയര്‍ലൈന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. യുഎസ് ഫെഡറല്‍ ഏവിയേഷന്‍ ഇറാക്ക്, ഇറാന്‍ വ്യോമപാതകളിലൂടെയുള്ള യാത്രാവിമാനങ്ങളുടെ സഞ്ചാരം നിരോധിക്കുകയും ചെയ്തിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍