വിദ്യാര്‍ഥികളിലെ ലഹരിയുപയോഗം തടയാന്‍
കര്‍ശന നടപടിക്കൊരുങ്ങി എക്‌സൈസ് ഡിപാര്‍ട്ട്‌മെന്റ്
തിരുവനന്തപുരം: വിദ്യാര്‍ഥികളില്‍ വര്‍ധിക്കുന്ന ലഹരിയുപയോഗം തടയാന്‍ എക്‌സൈസ് കര്‍ശന നടപടിയിലേക്ക് നീങ്ങുന്നു. മയക്കുമരുന്ന് ഓണ്‍ലൈന്‍ വഴി വാങ്ങി ഉപയോഗിക്കുന്നത് തടയാന്‍ പ്രത്യേക പദ്ധതി തന്നെയാണ് എക്‌സൈസ് തയ്യാറാക്കിയിരിക്കുന്നത്. ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗവുമായി ചേര്‍ന്ന് മെഡിക്കല്‍ ഷോപ്പുകളിലും പരിശോധന നടത്തും. മദ്യവും കഞ്ചാവും കടന്ന് ലഹരിയുടെ പുതുവഴികള്‍ തേടുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്നാണ് എക്‌സൈസിന്റെ കണ്ടെത്തല്‍.എല്‍.എസ്.ഡിയും ബ്രൌണ്‍ഷുഗറുമൊക്കെ ഉപയോഗിച്ചാല്‍ പെട്ടെന്ന് തിരിച്ചറിയാനാവില്ലെന്നതാണ് വിദ്യാര്‍ത്ഥികളെ ഈ വഴിക്ക് നയിക്കുന്നത്. ഓണ്‍ലൈന്‍ വഴിയുള്ള മയക്കുമരുന്നു വ്യാപാരം തടയാന്‍ സൈറ്റുകളില്‍ നിരീക്ഷണം കര്‍ശനമാക്കി. ഇതിനായി പ്രത്യേകം ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. നാര്‍ക്കോട്ടിക് വിഭാഗത്തില്‍ പെടുന്ന മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് തടയാനായി മെഡിക്കല്‍ ഷോപ്പുകളില്‍ പരിശോധന നടത്തും. ഈ മരുന്നുകള്‍ വാങ്ങുന്നവരുടെ പേരുവിവരങ്ങളടങ്ങിയ രജിസ്റ്ററുകള്‍ സൂക്ഷിക്കാനും മെഡിക്കല്‍ ഷോപ്പുടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഡോക്ടറുടെ കുറിപ്പില്ലാതെ സിറിഞ്ചുകള്‍ വില്‍ക്കരുതെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍