ഗതാഗതക്കുരുക്ക് ലഘൂകരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം: വ്യാപാര സംഘടനകള്‍

 കോഴിക്കോട്: നഗരത്തില്‍ വലിയങ്ങാടി, മിഠായിത്തെരുവ്, എംപി റോഡ്, പാളയം, ഓയസീസ് കോമ്പൗണ്ട്,ബേബി ബസാര്‍ തുടങ്ങിയ ഇടങ്ങളിലെ വാണിജ്യപ്രതാപം വീണ്ടെടുക്കുന്നതിന് ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചിരുന്ന ട്രാഫിക് ഉപദേശകസമിതി പുനരാരംഭിക്കണമെന്നും മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് വ്യാപാരകെട്ടിട ഉടമ ട്രെയിന്‍ യാത്രാ സംഘടനാ ഭാരവാഹികള്‍ സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജിനു നിവേദനം നല്‍കി. മിഠായിത്തെരുവില്‍ വാഹനഗതാഗതനിരോധനം കാരണമാണ് നഗരത്തിന്റെ വടക്കു ഭാഗത്തു നിന്നുള്ള ഏകമാര്‍ഗമായ ജിഎച്ച് റോഡിലെ തിരക്ക് ഗണ്യമായി വര്‍ധിച്ചത്.ഇതു മൂലം റെയില്‍വേ യാത്രക്കാരും ഏറെ ദുരിതം നേരിടുന്നു.സിവില്‍ സ്‌റ്റേഷന്‍ , സരോവരം, ബേബി മെമ്മോറിയല്‍ , മിംസ്, മാങ്കാവ് വഴി ചാലപ്പുറം, പുഷ്പ ജംഗഷന്‍ , പിവിഎസ്, റെയില്‍വേ സ്‌റ്റേഷന്‍ , മാനാഞ്ചിറ, ഹെഡ് പോസ്‌റ്റോഫീസ് എന്നിവിടങ്ങളിലേക്ക് സര്‍ക്കുലര്‍ ബസ് സര്‍വീസ് ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. നിവേദനത്തിലെ ആവശ്യങ്ങള്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് പരമാവധി പരിഹരിക്കാമെന്നും കിഡ്‌സണ്‍ കോര്‍ണറില്‍ പാര്‍ക്കിംഗ് പ്ലാസ ഉടന്‍ നിര്‍മിക്കുമെന്നും ട്രാഫിക് ഉപദേശകസമിതി വിപുലീകരിച്ച് പുനഃസ്ഥാപിക്കുമെന്നും സിറ്റി കമ്മീഷണര്‍ നിവേദകസംഘത്തിന് ഉറപ്പ് നല്‍കി. മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് സി.ഇ. ചാക്കുണ്ണിയുടെ നേതൃത്വത്തിലായിരുന്നുചര്‍ച്ച.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍