അപ്രഖ്യാപിത അടിയന്തരാവസ്ഥയോ?

രാജ്യത്ത് പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ അരങ്ങുവാഴുന്നത് മുഖ്യമായും രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ തന്നെ. ജെ.എന്‍.യു.വിലും ജാമിയ മില്ലിയയിലുമുള്ള വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ അവിടുത്തെ അതിജീവനത്തിന്റെ പ്രശ്‌നങ്ങളോടൊപ്പം ഇപ്പോള്‍ ഭാരതം കണ്ടു കൊണ്ടിരിക്കുന്ന ചുട്ടുപൊള്ളുന്ന പൗരത്വനിയമ പ്രശ്‌നങ്ങളും കൂടി അവരുടെ മുദ്രാവാക്യങ്ങളില്‍ ഇഴചേര്‍ത്തു. ഉത്തരപ്രദേശിലെതടക്കമുള്ള രാജ്യത്തെ മറ്റു നഗരങ്ങളിലും ഇതിനൊക്കെ സമാനവും സമാന്തരവുമായി പ്രക്ഷോഭങ്ങള്‍ നടക്കുന്നു. ഡല്‍ഹിയിലെ ശാഹീന്‍ ബാഗ് എന്ന സ്ഥലം ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട ഡല്‍ഹി പ്രക്ഷോഭങ്ങളുടെ കേന്ദ്രസ്ഥാനമായി മാറിയിരിക്കുന്നു.
ഡല്‍ഹി സംസ്ഥാനത്തെ നോയ്ഡാ-കാളിന്ദീ ദേശീയ പാതയിലുള്ള ശാഹീന്‍ ബാഗില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ നടത്തിക്കൊണ്ടിരിക്കുന്ന രാപകല്‍ സമരം ഇപ്പോള്‍ ഒരു മാസം പിന്നിട്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തെ ഡല്‍ഹി പോലീസ് കിരാതമായ രീതിയില്‍ നേരിട്ട സാഹചര്യത്തിലാണ് ശാഹീന്‍ ബാഗിലെ ഏതാനും മുസ്ലിം വീട്ടമ്മമാര്‍ രാപ്പകല്‍ കുത്തിയിരുപ്പ് സമരമാരംഭിച്ചത്. തുടക്കത്തില്‍ ഡെല്‍ഹി പോലീസും മറ്റധികൃതരും ഇത് കാര്യമായെടുത്തില്ല. എന്നാല്‍അനുദിനം ഈ സമരപന്തലിലേക്ക് മുഖ്യമായും സ്ത്രീകളുടെ വലിയ കൂട്ടങ്ങള്‍ വന്ന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് പ്രക്ഷോഭത്തില്‍ പങ്കുചേരാന്‍ തുടങ്ങി. ഇവരില്‍ മറ്റു മതവിഭാഗങ്ങളില്‍പെട്ടവരുമുണ്ട്. അതോട് കൂടി സമരക്കാരെ അവിടെ നിന്നും ഒഴിപ്പിക്കാന്‍ പോലീസ് പരമാവധി ശ്രമിച്ചെങ്കിലും കുലുങ്ങിയില്ല. ഇപ്പോള്‍ ആദ്യം ഇത് കണ്ടില്ലെന്ന് നടിച്ച രാഷ്ട്രീയ പാര്‍ട്ടികളും വിദേശ ചാനലുകാരടക്കുള്ള മാധ്യമപ്രവര്‍ത്തകരും സമരക്കാരോടൊപ്പംസ്ഥിര സാന്നിധ്യമായിരിക്കുകയാണ്. സമരപന്തലില്‍ നിന്നുമുയരുന്നത് മുദ്രാവാക്യങ്ങള്‍ മാത്രമല്ല അതോടൊപ്പം ആരെയും അങ്ങോട്ടാകര്‍ഷിക്കുന്ന കലാവിഷ്‌കാരങ്ങള്‍കൂടിയാണ്.
രാജ്യതലസ്ഥാനത്ത് ഇങ്ങിനെ അനുദിനം പൗരത്വഭേദഗതിനിയമവുമായി ബന്ധപ്പെട്ട സമരങ്ങള്‍ അരങ്ങേറുന്നത് കൊണ്ടായിരിക്കാം ഡല്‍ഹി ലഫ്റ്റ്‌നന്റെ ഗവര്‍ണര്‍ നേഷനല്‍ സെക്യൂരിറ്റി ആക്ട് ജനുവരി 18 മുതല്‍ അവിടെ പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്. ഇതിനെ ഒരു കരിനിയമമമായാണ് നിസ്പക്ഷ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഈ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്ന ആളെ വിചാരണകൂടാതെ 12 ദിവസം വരെ തടവിലിടാം. കുറ്റം വ്യക്തമാക്കാതെ 10 ദിവസം വരെ പോലീസ് കസ്റ്റഡിയില്‍ വെക്കാം. ശാഹീന്‍ ബാഗിലേതടക്കമുള്ള സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി എത്തുന്നവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുക എന്നതാണ് ഇപ്പോഴീ നടപടിയുടെ മുഖ്യലക്ഷ്യം എന്ന് വിലയിരുത്തപ്പെടുന്നുണ്ട്. കാശ്മീര്‍ സംസ്ഥാനം മുഴുക്കെ ഇപ്പോള്‍ മാസങ്ങളായി ഈ നിയമത്തിന്റെ പരിധിക്കുള്ളിലാണല്ലോ. ഈ നിയമ പ്രകാരമാണ് അവിടത്തെ നേതാക്കളെ തടവിലാക്കിയിരിക്കുന്നത്. പണ്ട് പ്രഖ്യാപിത അടിയന്തരാവസ്ഥക്കാലത്ത് ഡിഫന്‍സ് ഓഫ് ഇന്ത്യ റൂള്‍(ഡിഐആര്‍) മെയിന്റനന്‍സ് ഓഫ് ഇന്റേര്‍ണല്‍ സെക്യൂരിറ്റി ആക്ട് (മിസ) എന്നിവായിരുന്നു പ്രതിഷേധക്കാര്‍ക്കെതിരെ തലങ്ങും വിലങ്ങും നിസ്സാര സംഭവങ്ങളില്‍ പോലും ഉപയോഗിച്ചിരുന്നത്. ഇതിനൊക്കെ സമാന്തരമായി മറ്റൊരു വിശേഷമിതാ മംഗലാപുരത്തു നിന്നും കേള്‍ ക്കുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അവിടെ പൗരത്വഭേദഗതിബില്ലുമായി ബന്ധപ്പെട്ടു നടന്ന പ്രക്ഷോഭത്തിനെതുടര്‍ന്നുണ്ടായ അനിഷ്ടസംഭവങ്ങള്‍ക്കും പൊലീസതിക്രമങ്ങള്‍ക്കും ശേഷം അവിടെ കുഴപ്പങ്ങളുണ്ടാക്കിയത് മലയാളികളാണെന്ന കണ്ടെത്തലുമായി കാസര്‍കോഡ് ജില്ലയിലെ 1800 പേര്‍ക്ക് മംഗലാപുരം പോലീസ് നോട്ടീസ് അയച്ചിരിക്കുന്നുവത്രെ. വിദ്യാര്‍ത്ഥികളടക്കമുള്ളവരാണ് നോട്ടീസ് ലഭിച്ചവര്‍.
ഏതായാലും ന്യായമായ വിഷയങ്ങളില്‍ പ്രതിഷേധം എന്നത് പൗരാവകാശമാണ് എന്ന് ഉന്നതകോടതികളടക്കം ആണയിടുമ്പോള്‍ ജനകീയ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ഭരണകൂടം കിരാതനിയമങ്ങളും അപ്രഖ്യാപിത അടിയന്തരാവസ്ഥയും നടപ്പാക്കുകയാണ് എന്നു വേണം ഇതില്‍ നിന്നെല്ലാം മനസ്സിലാക്കാന്‍. കാശ്മീരിലെ നടപടികളില്‍ നിന്നുതന്നെ ഇത് വ്യക്തം. ഈ സാഹചര്യങ്ങളില്‍ ഇനി വരാനിരിക്കുന്ന നാളുകളില്‍ കാര്യങ്ങളുടെ ദിശ എന്തായിരിക്കും എന്നത് ഇപ്പോള്‍ പ്രവചനാതീതമാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍