യുവാക്കളെ തൊഴില്‍ പ്രാവീണ്യത്തിലേക്ക് നയിക്കാന്‍ പരിശീലനം നല്‍കും: മന്ത്രി

കുണ്ടറ: അഭ്യസ്ഥവിദ്യരായ യുവാക്കളെ സാങ്കേതിക തൊഴിലിലടക്കം പ്രാവീണ്യം നേടുന്നതിന് പ്രത്യേക പരിശീലനം നല്‍കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ പോലുള്ള കേന്ദ്രങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തും. ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐടിഐയില്‍ നടന്ന സ്‌പെക്ട്രം 2020 തൊഴില്‍ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന വികസനത്തിന് ആവശ്യമുള്ള തുക സര്‍ക്കാര്‍ നല്‍കുന്നുണ്ട്. 11 കോടി രൂപയാണ് ചന്ദനത്തോപ്പ് ഐടിഐയുടെ വികസനത്തിനായി കിഫ്ബി വഴി സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് അര്‍ഹമായ നികുതി വിഹിതം നല്‍കാതെ സാമ്പത്തിക പ്രതിസന്ധിയിലാക്കുകയാണ്. എന്നാല്‍ വികസനത്തിനായി ബജറ്റിന് പുറമേനിന്ന് പണം കണ്ടെത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍. കിഫ്ബി പോലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് വികസനത്തിന് പുത്തന്‍ദിശാബോധം നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍ അനില്‍ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്തംഗം വി മനോജ്, വനിത ഐടിഐ പ്രിന്‍സിപ്പല്‍ ജെ. സുജാത, ചാത്തന്നൂര്‍ ഐടിഐ പ്രിന്‍സിപ്പല്‍ എച്ച് ഖലീലുദ്ദീന്‍, ആര്‍ എസി ട്രെയിനിംഗ് ഓഫീസര്‍ ആര്‍ അജയകുമാര്‍, ബി റ്റി സി ചന്ദനത്തോപ്പ് പ്രിന്‍സിപ്പല്‍ എല്‍ മിനി, ഇളമാട് ഐടിഐ പ്രിന്‍സിപ്പല്‍ ജി അജയകുമാര്‍, കൊട്ടാരക്കര ഐ ടി ഐ പ്രിന്‍സിപ്പല്‍ വി ഗോപാലകൃഷ്ണന്‍, മയ്യനാട് ഐടിഐ പ്രിന്‍സിപ്പല്‍ എ. ആംസ്‌ട്രോങ്ങ്, ചടയമംഗലം ഐടിഐ പ്രിന്‍സിപ്പല്‍ ആര്‍ സുരേഷ് കുമാര്‍, വി രജനി, ആര്‍ രാജേഷ്, കെ കെ സുകുമാരന്‍, എം ദാസന്‍, എസ് സുരേഷ് കുമാര്‍, അജയകുമാര്‍, യേശുദാസ് എയ്‌ദോ, ട്രെയിനിംഗ് ഇന്‍സ്‌പെക്ടര്‍ എം എസ് നഹാസ്, ചന്ദനത്തോപ്പ് ഐ ടി ഐ പ്രിന്‍സിപ്പല്‍ കെ രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.1340 കുട്ടികള്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിദേശത്തു നിന്ന് ഉള്‍പ്പെടെ 49 കമ്പനികള്‍ മേളയില്‍ പങ്കാളികളായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍