ഒരുവര്‍ഷത്തിനിടെ പൂട്ടിയിട്ട വീടുകളില്‍നിന്ന് മോഷണംപോയത് നൂറ്റിമൂന്നുപവന്‍ സ്വര്‍ണം

ഷൊര്‍ണൂര്‍: ചെര്‍പ്പുളശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പൂട്ടിയിട്ട വീടുകളില്‍നിന്ന് മോഷണംപോയത് നൂറ്റിമൂന്നു പവന്‍ സ്വര്‍ണാഭരണങ്ങള്‍. കഴിഞ്ഞദിവസം ചെര്‍പ്പുളശേരി ആലിയകുളത്ത് വീടിന്റെ വാതില്‍തകര്‍ത്ത് അമ്പതുപവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത് ഉള്‍പ്പെടെയാണിത്.പെരിന്തല്‍മണ്ണ സംസ്ഥാന പാതയോരത്തെ കച്ചേരിക്കുന്ന് ആലിയകുളത്ത് ഗായത്രിയില്‍ ചന്ദ്രശേഖരന്റെ വീടിന്റെ വാതില്‍ തകര്‍ത്താണ് അമ്പതുപവന്‍ മോഷ്ടിക്കപ്പെട്ടത്. 12,000 രൂപയും മോഷണംപോയി. ചന്ദ്രശേഖരനും കുടുംബവും ബാംഗളൂരിലേക്ക് പോയി മടങ്ങി വന്നപ്പോഴാണ് മോഷണവിവരം മനസിലാക്കിയത്. അലമാരകള്‍ കുത്തിപൊളിച്ചാണ് മാലകള്‍, വളകള്‍, കമ്മലുകള്‍, മോതിരങ്ങള്‍ തുടങ്ങിയവയാണ് കവര്‍ന്നത്. സാധനസാമഗ്രികള്‍ വലിച്ചുവാരിയിട്ട നിലയിലുമായിരുന്നു. മോഷ്ടാക്കള്‍ ഫ്യൂസൂരി വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. അതേസമയം വീടിന്റെ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. ശനിയാഴ്ച രാത്രിക്കും ഞായറാഴ്ച പുലര്‍ച്ചെയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ടെങ്കിലും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. അതേസമയം കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ചെര്‍പ്പുളശേരി മേഖലയില്‍ പൂട്ടിയിട്ട വീടുകളില്‍ മോഷണങ്ങള്‍ വ്യാപകമാകുകയാണ്. മുണ്ടക്കോട്ടുകുറുശിയില്‍ 18 പവന്‍ സ്വര്‍ണാഭരണങ്ങളും വെള്ളിനേഴിയില്‍ 19 പവന്‍ ആഭരണങ്ങളുമാണ് കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ പൂട്ടിയിട്ട വീട്ടില്‍നിന്ന് കവര്‍ച്ച ചെയ്യപ്പെട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍