സൗദിയില്‍ തണുപ്പ് വീണ്ടും ശക്തമായി; ഐസ് വീഴ്ച തുടരുന്നു

സൗദി:സൗദിയില്‍ തണുപ്പ് വീണ്ടും ശക്തമായി. രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശങ്ങളിലും മധ്യ കിഴക്കന്‍ പ്രവിശ്യകളിലുമാണ് തണുപ്പ് വീണ്ടും ശക്തമായി അനുഭവപ്പെടുന്നത്. കിഴക്കന്‍ പ്രവിശ്യയില്‍ ശക്തമായ ശൈത്യത്തിനൊപ്പം ഇന്ന് തുടര്‍ച്ചയായ മഴയും ലഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തണുപ്പ് ശക്തമായി തുടരുകയാണ്. ചില ഭാഗങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് പൂജ്യം ഡിഗ്രിക്കും താഴെയാണ് അനുഭവപ്പെടുന്നത്. ഇവിടങ്ങളില്‍ നിലനില്‍ക്കുന്ന ഐസ് വീഴ്ചയ്ക്കും കുറവ് വന്നിട്ടില്ല. തബൂക്ക്, അല്‍ജൗഫ്, ഹായില്‍, സക്കാക്ക, അബഹ, അസീര്‍ തുടങ്ങിയ ഭാഗങ്ങളിലാണ് അതി ശൈത്യം തുടരുന്നത്. മധ്യ, കിഴക്കന്‍ പ്രവിശ്യകളിലും താരതമ്യേന കടുത്ത ശൈത്യമാണ് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. തലസ്ഥാന നഗരമായ റിയാദിലും സമീപ പ്രദേശങ്ങളിലും കിഴക്കന്‍ പ്രവിശ്യയുടെ അതിര്‍ത്തി പ്രദേശങ്ങളിലുമാണ് ദിവസങ്ങളായി തുടരുന്ന ശൈത്യത്തിന് കാഠിന്യമേറിയത്. ദമ്മാമിലും പരിസര പ്രദേശങ്ങളില്‍ ശൈത്യത്തിനൊപ്പം ഇന്ന് പുലര്‍ച്ച മുതല്‍ മഴയും ലഭിക്കുന്നുണ്ട്. ഇത് തണുപ്പിന് ശക്തി പകരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് തണുപ്പ് താരതമ്യേന കുറവ് അനുഭവപ്പെടുന്നത്. മക്ക, മദീന ഉള്‍പ്പെടെയുള്ള ഭാഗങ്ങില്‍ പൊടിക്കാറ്റിന് സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍