നിര്‍മാണത്തില്‍ കൃത്രിമം കാണിക്കാത്ത കരാറുകാരുടെ സേവനം ഉറപ്പാക്കാന്‍ കഴിഞ്ഞെന്നു മന്ത്രി ജി. സുധാകരന്‍

ആലപ്പുഴ: ജില്ലയില്‍ വിവിധയിടങ്ങളിലായി പണി പൂര്‍ത്തിയാക്കിയ റോഡുകള്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ നാടിനു സമര്‍പ്പിച്ചു. നിര്‍മാണത്തില്‍ കൃത്രിമം കാണിക്കാത്ത കരാറുകാരുടെ സേവനം ഉറപ്പുവരുത്താന്‍ കഴിഞ്ഞെന്ന് മന്ത്രി വിവിധയിടങ്ങളിലെ ഉദ്ഘാടന പ്രസംഗങ്ങളില്‍ പറഞ്ഞു. അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക് പഞ്ചായത്തുകളിലും ആലപ്പുഴ നഗരത്തിലുമായി ആധുനിക രീതിയില്‍ പുനര്‍ നിര്‍മിച്ച റോഡുകളാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ഗ്രാമീണ റോഡുകളടക്കം എല്ലാ റോഡുകളും അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിക്കാനായത് പൊതുമരാമത്തു വകുപ്പിന്റെയും സര്‍ക്കാരിന്റെയും നേട്ടമാണ്. റോഡുകളെല്ലാം തന്നെ ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മിക്കാന്‍ കഴിഞ്ഞു. സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി രണ്ടുകോടി രൂപ ചെലവഴിച്ച് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ബിഎം ആന്‍ഡ് ബിസി നിലവാരത്തിലാണ് റോഡുകള്‍ നിര്‍മിച്ചത്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ റോഡുകള്‍ ഉന്നത നിലവാരത്തില്‍ നിര്‍മിക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനും സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഗ്രാമീണ റോഡുകള്‍, തീരദേശ റോഡുകള്‍ എന്നിവയടക്കം അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിച്ചു സഞ്ചാര യോഗ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
അമ്പലപ്പുഴ മണ്ഡലത്തില്‍ 6.4 കോടി രൂപയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ആറുറോഡുകളാണ് മന്ത്രി ജി. സുധാകരന്‍ നാടിനു സമര്‍പ്പിച്ചത്. വിവിധയിടങ്ങളിലെ ചടങ്ങുകളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജുനൈദ്, ജില്ലാ പഞ്ചായത്തംഗം എ.ആര്‍. കണ്ണന്‍, അന്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അഫ്‌സത്ത്, ജനപ്രനിധികളായ യു.എം. കബീര്‍, സിബിലാല്‍, ഷീജ നൗഷാദ്, സ്വാഗത സംഘം ചെയര്‍മാന്‍ എച്ച്. സലാം, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഡോ. സിനി, ബി. വിനു എന്നിവര്‍ പ്രസംഗിച്ചു.
ബിറ്റുമിന്‍ മെക്കാഡം ബിറ്റുമിന്‍ കോണ്‍ക്രീറ്റ് ചേരുവയോടെ ദേശീയപാതയുടെ നിര്‍മാണ രീതിയാണ് ഈ ഗ്രാമീണ റോഡുകള്‍ക്കുള്‍പ്പടെ പ്രയോഗിച്ചത്. പ്ലാസ്റ്റിക്, റബര്‍ എന്നിവയുടെ ചേരുവയുള്ളതിനാല്‍ മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെ റോഡുകള്‍ കേടുകൂടാതെ നില്‍ക്കുന്ന നര്‍മാണ രീതിയാണ് അവലംബിച്ചത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍