അമേരിക്കയ്‌ക്കെതിരെ തിരിച്ചടിക്കുമെന്ന് ഇറാന്‍ ,എണ്ണവില കുതിച്ചുയര്‍ന്നു

ടെഹ്‌റാന്‍: ഇറാഖില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇറാനില്‍ നിന്നുള്ള കമാന്‍ഡര്‍ കാസിം സുലൈമാനി അടക്കമുള്ളവര്‍ കൊല്ലപ്പെട്ടതിനെ അപലപിച്ച് ഇറാന്‍. അമേരിക്കന്‍ നടപടി ഭീകര പ്രവര്‍ത്തനത്തിന് തുല്യമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജാവേദ് സരീഫ് പറഞ്ഞു. ഐഎസ്, അല്‍നുസ്‌റ, അല്‍ക്വയ്ദ, തുടങ്ങിയ ഭീകര സംഘടനകള്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന ഖുദ് സേനാ തലവനെയാണ് അമേരിക്ക വധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
അമേരിക്കന്‍ നടപടി അത്യന്തം അപകടകരവും ശുദ്ധമണ്ടത്തരവുമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ഇറാന്‍ തിരിച്ചടിക്കുമെന്ന് പറഞ്ഞ സരീഫ് തുടര്‍ന്നുണ്ടാകുന്ന എല്ലാ പ്രത്യാഘാതങ്ങള്‍ക്കും സംഭവവികാസങ്ങള്‍ക്കും ട്രംപ് ഭരണകൂടമായിരിക്കും ഉത്തരവാദികളെന്നും കൂട്ടിച്ചേര്‍ത്തു.അതിനിടെ ഇറാന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനി ഉള്‍പ്പടെ എട്ട് പേര്‍ യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിലെ വിമാനത്താവളത്തിന് സമീപത്തുവച്ചാണ് അമേരിക്കയുടെ റോക്കറ്റ് ആക്രമണത്തില്‍ ഇറാന്‍ കമാന്‍ഡറും സംഘവും മരിച്ചത്. അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ യുദ്ധസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് വിദേശകാര്യ വിദഗ്ധര്‍ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില 4.4 ശതമാനം ഉയര്‍ന്നത്. വരും ദിവസങ്ങളിലും ക്രൂഡ് ഓയില്‍ വില ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഇന്ത്യ ഉള്‍പ്പടെ നിരവധി രാജ്യങ്ങള്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് പശ്ചിമേഷ്യന്‍ മേഖലയില്‍ നിന്നാണ്. ഇവിടെ യുദ്ധസമാന സാഹചര്യമുണ്ടാകുന്നത് ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വിലയെ കാര്യമായി സ്വാധീനിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍