മരണം നടന്ന സ്ഥാപനം വിവരം നല്‍കാത്തതിന്റെ പേരില്‍ മരണസര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കാനാവില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം : മരണം നടന്ന സ്ഥാപനം മരണവിവരം രേഖാമൂലം അറിയിക്കാത്തതിനാല്‍ മരണ സര്‍ട്ടിഫിക്കേറ്റ് നല്‍കാനാവില്ലെന്ന ജനനമരണ രജിസ്ട്രാറുടെ നിലപാട് നിയമപരമല്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. ജനനമരണവിവാഹ രജിസ്‌ട്രേഷന്‍ നിയമം 1969 ലെ 21ാം വകുപ്പ് അനുസരിച്ച് മരണ റിപ്പോര്‍ട്ടിംഗ് ഫോം സമര്‍പ്പിക്കാനും മരണം രജിസ്റ്റര്‍ ചെയ്തു കിട്ടാനുമുള്ള അധികാരം മരിച്ച വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ക്കുണ്ടെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. പാറശാല ആറയൂര്‍ സ്വദേശിനി ടി. തായിയുടെ മരണ സര്‍ട്ടിഫിക്കേറ്റിനുള്ള അപേക്ഷ നല്‍കിയപ്പോള്‍ നിരസിച്ചു എന്ന് ആരോപിച്ച് മകള്‍ ടി. നിര്‍മല നല്‍കിയ പരാതിയിലാണ് നടപടി. 2018 ഓഗസ്റ്റ് 17 ന് ആറ്റിങ്ങല്‍ ചെറുവഞ്ചിമുക്ക് ദിയ ചാരിറ്റബിള്‍ സൊസൈറ്റി എന്ന വൃദ്ധസദനത്തിലാണ് തായി മരിച്ചത്. രേഖകള്‍ പരിശോധിച്ചതില്‍ ദിയ ചാരിറ്റബിള്‍ സൊസൈറ്റി ഇങ്ങനെയൊരാളുടെ മരണം ആറ്റിങ്ങല്‍ നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് നഗരസഭ രജിസ്ട്രാറായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കമ്മീഷനെ അറിയിച്ചു. നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത മരണം സംബന്ധിച്ച് സര്‍ട്ടിഫിക്കേറ്റ് നല്‍കാനാകില്ലെന്നാണ് നഗരസഭയുടെ നിലപാട്. തായിയുടെ മകള്‍ നിര്‍മലക്ക് അമ്മയുടെ മരണവിവരം നഗരസഭയെ അറിയിക്കാമെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. അപേക്ഷ സമര്‍പ്പിക്കാന്‍ ഉണ്ടായ കാലതാമസം സാധൂകരിക്കാനുള്ള നിയമനടപടികള്‍ പരാതിക്കാരിയായ നിര്‍മല പൂര്‍ത്തിയാക്കണം. അപേക്ഷ ലഭിച്ചാല്‍ മരണം രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കേറ്റ് കാലതാമസം കൂടാതെ നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍