കുടിയേറ്റക്കാരനും ഇന്‍ഫോസിസിന്റെ തലപ്പത്തെത്താന്‍ കഴിയണം; പൗരത്വ നിയമത്തിനെതിരെ നാദെല്ല

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല. ബംഗ്ലാദേശി കുടിയേറ്റക്കാരനും ഇന്ത്യയിലെത്തി ഇന്‍ഫോസിസിന്റെ തലപ്പത്തെത്താന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. യുഎസിലെ മാന്‍ഹാട്ടനില്‍ മൈക്രോസോഫ്റ്റ് സംഘടിപ്പിച്ച പരിപാടിയില്‍ ബസ് ഫീഡ് ചീഫ് എഡിറ്റര്‍ ബെന്‍ സ്മിത്തിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബെന്‍ സ്മിത്ത് ഇത് ട്വിറ്ററില്‍ പങ്കുവച്ചു. രാജ്യത്ത് സംഭവിക്കുന്നത് സങ്കടകരമായ കാര്യങ്ങളാണ്. ഇത് വളരെ മോശമാണ്. ഇന്ത്യയില്‍ വന്ന് അടുത്ത യൂണികോണ്‍ സൃഷ്ടിക്കുന്ന അല്ലെങ്കില്‍ ഇന്‍ഫോസിസിന്റെ അടുത്ത സിഇഒ ആകുന്ന ബംഗ്ലാദേശ് കുടിയേറ്റക്കാരനെ കാണാന്‍ താന്‍ ആഗ്രഹിക്കുന്നു അദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെ മൈക്രോസോഫ്റ്റ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ നാദല്ലെയുടെ പ്രസ്താവന എത്തി. കുടിയേറ്റക്കാരന് സ്റ്റാര്‍ട്ട് അപ്പ് തുടങ്ങാന്‍ സാധിക്കുന്ന, ഇന്ത്യന്‍ സമൂഹത്തെയും സമ്പദ്‌വ്യവസ്ഥയെയും വലിയ രീതിയില്‍ സഹായിക്കാനാകുന്ന മള്‍ട്ടി നാഷണല്‍ കമ്പനിയെ നയിക്കാന്‍ സാധിക്കുന്ന ഇന്ത്യക്കു വേണ്ടിയാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവനയില്‍ വിശദീകരിച്ചു. ഓരോ രാജ്യവും അതിര്‍ത്തി നിര്‍വചിക്കുകയും ദേശത്തിന്റെ സുരക്ഷ പരിരക്ഷിക്കുകയും അതിനനുസരിച്ച് കുടിയേറ്റ നയം സജ്ജമാക്കുകയും ചെയ്യും. ജനാധിപത്യ രാഷ്ട്രങ്ങളില്‍ ഈ വിഷയങ്ങള്‍ സര്‍ക്കാരുകളും ജനങ്ങളും ചേര്‍ന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതാണ്. താന്‍ രൂപപ്പെട്ടിരിക്കുന്നത് തന്റെ ഇന്ത്യന്‍ പാരമ്പര്യത്തിലൂടെയും സാംസ്‌കാരിക വൈവിധ്യമുള്ള ഇന്ത്യയില്‍ വളര്‍ന്നതിലൂടെയും യുഎസിലെ കുടിയേറ്റ അനുഭവങ്ങളിലൂടെയുമാണ്. കുടിയേറ്റക്കാരന് സ്റ്റാര്‍ട്ട് അപ്പ് തുടങ്ങാന്‍ സാധിക്കുന്ന, ഇന്ത്യന്‍ സമൂഹത്തെയും സമ്പദ്‌വ്യവസ്ഥയെയും വലിയ രീതിയില്‍ സഹായിക്കാനാകുന്ന മള്‍ട്ടി നാഷണല്‍ കമ്പനിയെ നയിക്കാന്‍ സാധിക്കുന്ന ഇന്ത്യക്കു വേണ്ടിയാണ് താന്‍ ആഗ്രഹിക്കുന്നതെന്നും നദെല്ല പ്രസ്താവനയില്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍