നാടുവാഴിത്തം ഇന്ത്യയിലെ യുവജനങ്ങള്‍ ആഗ്രഹിക്കുന്നില്ല: രാമചന്ദ്ര ഗുഹ

കോഴിക്കോട്: രാഹുല്‍ ഗാന്ധിയെ ലോക്‌സഭയിലേക്ക് മലയാളികള്‍ തെരഞ്ഞെടുത്തയച്ചത് വിനാശകരമായ പ്രവര്‍ത്തിയാണെന്ന് ചരിത്രകാരന്‍ രാമചന്ദ്രഗുഹ. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ രാജ്യസ്‌നേഹവും ജിങ്കോയിസവും എന്ന വിഷയത്തില്‍ സംവാദം നടത്തുന്നതിനിടെയാണ് രാമചന്ദ്രഗുഹയുടെ പ്രസ്താവന. കഠിനാധ്വാനിയും സ്വയം നിര്‍മ്മിതനുമായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗാന്ധികുടുംബത്തിലെ അഞ്ചാം തലമുറക്കാരനായ നാടുവാഴിക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്ഥാനമില്ലെന്നും രാമചന്ദ്രഗുഹ പറഞ്ഞു. നരേന്ദ്രമോദിയുടെ ഏറ്റവും വലിയ ഗുണം അയാള്‍ രാഹുല്‍ ഗാന്ധിയല്ല എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്ര്യസമരകാലത്തെ് മഹത്തായ സേവനങ്ങള്‍ നടത്തിയ കോണ്‍ഗ്രസ് പാര്‍ട്ടിയെ, ദയനീയമായ കുടുംബ സ്ഥാപനമായി മാറ്റിയതാണ് ഇന്ത്യയിലിപ്പോള്‍ ഹിന്ദുത്വത്തിന്റെയും, ജിംങ്കോയിസത്തിന്റെയും ഉയര്‍ച്ചയ്ക്കും കാരണമാണെന്നും ഗുഹ പറഞ്ഞു. വ്യക്തിപരമായി തനിക്ക് രാഹുല്‍ഗാന്ധിയോട് യാതൊരു വിരോധവുമില്ല. അദ്ദേഹം മാന്യനായ നേതാവാണ്. എന്നാല്‍ അഞ്ചാം തലമുറയിലെ നാടുവാഴിത്തം ഇന്ത്യയിലെ യുവജനങ്ങള്‍ ആഗ്രഹിക്കുന്നില്ല. 2024ല്‍ രാഹുല്‍ ഗാന്ധിയെ വീണ്ടും മലയാളികള്‍ തെരഞ്ഞെടുക്കുകയാണെങ്കില്‍ നിങ്ങള്‍ വലിയ തെറ്റാവും ചെയ്യുന്നതെന്നും, നരേന്ദ്ര മോദിക്ക് മലയാളികളില്‍ നിന്നുലഭിക്കുന്ന അനുകൂല പ്രവൃത്തിയായി അത് മാറുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി കഠിനാധ്വാനാവും, സ്വന്തപ്രയത്‌നവും കൊണ്ട് നേതാവായ വ്യക്തിയാണ്. 15 വര്‍ഷം ഒരു സംസ്ഥാനത്തെ നയിച്ച അദ്ദേഹത്തിന് ഭരണപരമായ പരിചയമുണ്ട്. മാത്രമല്ല അദ്ദേഹം യൂറോപ്പില്‍ പോവാന്‍ അവധി എടുക്കുന്നില്ല. എന്നെ വിശ്വസിക്കൂ, ഇതെല്ലാം ഞാന്‍ വളരെ ഗൗരവത്തോടെയാണ് പറയുന്നതെന്നും ഗുഹ വ്യക്തമാക്കി.രാഹുല്‍ ഗാന്ധി കൂടുതല്‍ ബുദ്ധിമാനും കഠിനാധ്വാനിയുമായിരുന്നെങ്കില്‍ യൂറോപ്പില്‍ പോവാന്‍ അവധി എടുക്കില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍