ബജറ്റ് സമ്മേളനത്തില്‍ ചര്‍ച്ച സാമ്പത്തികം മാത്രം; 'പൗരത്വ' വഴിയടച്ച് മോദി

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തില്‍ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും ജനങ്ങളുടെ ശാക്തീകരണം സംബന്ധിച്ചും വിശദമായ ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സാമ്പത്തിക കാര്യങ്ങളിലും നിലവിലെ ആഗോള സാമ്പത്തിക സ്ഥിതി മുതലെടുക്കാന്‍ ഇന്ത്യക്ക് എങ്ങനെ കഴിയുമെന്നതിനെക്കുറിച്ചുമായിരിക്കണം സമ്മേളനത്തിലെ പ്രധാനശ്രദ്ധ. പുതിയ ദശകത്തിന് ശക്തമായ അടിത്തറയിടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദദഗതി (സിഎഎ), ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) എന്നിവയുടെ പേരില്‍ രാജ്യത്താകെ ഉയരുന്ന ജനകീയ പ്രതിഷേധങ്ങള്‍, ജെഎന്‍യു, ജാമിയ അടക്കമുള്ള സര്‍വകലാശാലകളിലെ ഗുണ്ടാ, പോലീസ് വിളയാട്ടത്തിനെതിരേ നടപടിയെടുക്കാതെ അക്രമികളെ ന്യായീകരിക്കുന്ന നിലപാട് എന്നിവ പ്രതിപക്ഷം ഉയര്‍ത്താനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം രാവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിച്ചു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനം ചരിത്രപരമെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരിലെ ജനങ്ങള്‍ക്ക് നീതി നടപ്പാക്കി. ശ്യാമപ്രസാദ് മുഖര്‍ജിയുടെ സ്വപ്‌നം ഇതിലൂടെ യാഥാര്‍ഥ്യമാക്കി. അയോധ്യവിധിയെ രാജ്യം പക്വതയോടെ സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സാമ്പത്തിക സ്ഥിതിയുടെ സ്ഥിതിവിവര കണക്കുകള്‍ വിശദീകരിക്കുന്ന സാമ്പത്തിക സര്‍വേ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനു ശേഷം ലോക്‌സ ഭയില്‍ സമര്‍പ്പിക്കും. ഇന്ന് ആരംഭിച്ച പാര്‍ലമെന്റ് സമ്മേളനം ഫെബ്രുവരി 11 വരെ നീളും. ഇടവേളയ്ക്കുശേഷം പിന്നീട് മാര്‍ച്ച് രണ്ടിനു വീണ്ടും സമ്മേളി ക്കുന്ന ലോക്‌സഭയും രാജ്യസഭയും ഏപ്രില്‍ മൂന്നിനു സമാപിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍