അന്താരാഷ്ട്ര ബഹുമതി ശിശുമാതൃ മരണനിരക്ക് കുറച്ചതുമൂലം: മന്ത്രി ശൈലജ

ഗാന്ധിനഗര്‍: കേരളത്തിലെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചത് ശിശു മാതൃമരണ നിരക്ക് അന്താരാഷ്ട്ര നിലവാരത്തേക്കാള്‍ കുറച്ചതു മൂലമെന്ന് മന്ത്രി കെ. കെ. ശൈലജ. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൂര്‍ത്തീകരിച്ച 11 പദ്ധതികളുടെയും 12 പദ്ധതികളുടെ നിര്‍മാണ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഒരു ലക്ഷം പ്രസവത്തില്‍ 167 മാതൃമരണവും ആയിരം കുട്ടികളില്‍ 37 ശിശുമരണനിരക്കുമാണ് അന്താരാഷ്ടനിലവാരത്തില്‍ ഉണ്ടായിരുന്നത്. ഇത് യഥാക്രമം 70 ഉം 12 ഉം ആയി കുറയ്ക്കാന്‍ ഐക്യരാഷ്ടസംഘടന നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സംഘടന നിര്‍ദേശം നല്‍കുമ്പോള്‍ കേരളത്തില്‍ മാതൃമരണം 67 ഉം, ശിശു മരണനിരക്ക് എട്ടും ആയിരുന്നു. സംഘടനയുടെ നിര്‍ദേശപ്രകാരം കേന്ദ്ര സര്‍ക്കാര്‍ കത്തയയ്ക്കുകയും, തുടര്‍ന്നുള്ള പ്രവര്‍ത്തനം മൂലം മാതൃമരണം 50 ഉം ശിശുമരണം നാലുമായി കുറയ്ക്കാന്‍ കഴിഞ്ഞതുമാണ് ആരോഗ്യരംഗത്ത് അന്താരാഷ്ട്ര ബഹുമതി ലഭിക്കുവാന്‍ കാരണമെന്ന് മന്ത്രി പറഞ്ഞു. കുടുംബക്ഷേമകേന്ദ്രം പ്രൈമറി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തി കൂടുതല്‍ ഡോക്ടര്‍മാരേയും, ജീവനക്കാരേയും നിയമിച്ചതും ആശാ വര്‍ക്കര്‍ മുതല്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ വരെയുള്ളവരുടെ കഠിനാധ്വാനവുമാണ് ഈ അന്താരാഷ്ട അംഗീകാരം ലഭിച്ചതിന്റെ പിന്നിലെന്നും മന്ത്രി പറഞ്ഞു. കാന്‍സര്‍ രോഗ ചികിത്സയ്ക്ക് കാന്‍സര്‍ കണ്‍ട്രോള്‍ ബോര്‍ഡ് രൂപീകരിച്ച്, മൂന്നു മേഖലകളായി തിരിച്ച് ആവശ്യമായ തീവ്ര പരിചരണ വിഭാഗവും കിടക്കകളും ക്രമീകരിക്കും. ഓരോ 30 കിലോ മീറ്റര്‍ ഇടവിട്ട് 315 (108) ആംബുലന്‍സ് സര്‍വീസ് ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒപി രജിസ്‌ട്രേഷന്‍ കൗണ്ടര്‍, അസ്ഥിരോഗം, ജനറല്‍ സര്‍ജറി, ശ്വാസകോശം, ഫാര്‍മസി, കാന്‍സര്‍ കെയര്‍ സെന്റര്‍, കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് എന്നീ വിഭാഗങ്ങളില്‍ എത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള വിശ്രമകേന്ദ്രം, ശസ്ത്രക്രിയ ചെയ്യുമ്പോള്‍ തിയറ്ററിലുണ്ടാകുന്ന അണുബാധ ഒഴിവാക്കുന്നതിന് സിടി സിമുലേറ്റര്‍, ഖരമാലിന്യ സംസ്‌കരണ പ്ലാന്റ്, കാന്‍സര്‍, അസ്ഥിരോഗ വിഭാഗത്തിനും തീവ്ര പരിചരണ വിഭാഗം, ആധുനികവത്കരിച്ച പവര്‍ ലോണ്‍ട്രി, നവീകരിച്ച സൂപ്രണ്ട് ഓഫീസ്, ശൗചാലയ സമുച്ചയം എന്നീ പൂര്‍ത്തീകരിച്ച പദ്ധതികളും, ബേണ്‍സ് യൂണിറ്റ്, സ്‌കില്‍ ലാബ്, പീഡിയാട്രിക് കാര്‍ഡിയാക് ഓപ്പറേഷന്‍ തിയറ്റര്‍ തുടങ്ങിയ പദ്ധതികളുടെ നിര്‍മണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. കെ. സുരേഷ് കുറുപ്പ് എംഎല്‍എ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, കളക്ടര്‍ പി.കെ.സുധീര്‍ ബാബു, വി.എന്‍. വാസവന്‍, സജി തടത്തില്‍, ജസ്റ്റിന്‍ ജോസഫ്, ലിസി ടോമി, മഹേഷ് ചന്ദ്രന്‍, ഷീന രാജന്‍, റോസിലി ടോമിച്ചന്‍, ഡോ.വി.ടി. ബീന, ഡോ.പി.സവിത, ഡോ.വത്സമ്മ ജോസഫ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.ജോസ് ജോസഫ്, ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ.കെ.പി. ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍