പൊതുവിതരണമേഖല അഴിമതിരഹിതമാക്കും: മന്ത്രി

കല്‍പ്പറ്റ: പൊതുവിതരണമേഖലയിലെ അഴിമതി തടയുന്നതിനും പൊതുജനങ്ങള്‍ക്ക് സുതാര്യമായ സേവനം ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ മന്ത്രി പി. തിലോത്തമന്‍. പൂതാടി പഞ്ചായത്തിലെ വാകേരിയില്‍ സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങള്‍ക്ക് കൃത്യമായ റേഷന്‍ വിഹിതം ഉറപ്പാക്കുന്നനു റേഷന്‍ കടകളിലെ ഇപോസ് മെഷീനുകള്‍ ത്രാസുമായി ബന്ധിപ്പിക്കും.
റേഷന്‍ സാധനങ്ങള്‍ കടകളിലെത്തിക്കുന്ന വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കും. പ്രത്യേക കളര്‍ കോഡുകള്‍ വാഹനത്തിന് നല്‍കും. ഗോഡൗണുകളില്‍ സിസിടിവി ക്യാമറ ഘടിപ്പിക്കുന്നതിനു നടപടി സ്വീകരിക്കും. റേഷന്‍ ഔദാര്യമല്ല, മറിച്ച് അവകാശമാണെന്നും എല്ലാവരും റേഷന്‍ കടകള്‍ ഉപയോഗപ്പെടുത്തി മിച്ച റേഷന്‍ ഇല്ലാതാക്കാന്‍ ശ്രമിക്കണം.
സംസ്ഥാനത്ത് 1,600 വില്‍പനശാലകള്‍ സൃഷ്ടിച്ചതിലൂടെ ഏഷ്യയിലെ ഏറ്റവും വലിയ വില്‍പ്പന ശൃംഖലയായി സപ്ലൈകോ മാറി. 170 കേന്ദ്രങ്ങളില്‍ ഗൃഹോപകരണ സാമഗ്രികളുടെ വില്‍പനയുണ്ട്. കെട്ടിട നിര്‍മാണ വസ്തുക്കള്‍ ഉള്‍പ്പെടെ സപ്ലൈകോ വഴി വില്‍ക്കുന്നതിനു ശ്രമം തുടരുകയാണ്. കമ്പോളത്തില്‍ ഇടപെട്ട് ന്യായവിലയില്‍ ഉത്പന്നങ്ങള്‍ ജനങ്ങളില്‍ എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുക്മിണി സുബ്രഹ്മണ്യന്‍ ആദ്യവില്‍പന നടത്തി. പനമരം, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എസ്.ദിലീപ്കുമാര്‍, ലത ശശി, സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം എം. വിജയലക്ഷ്മി, സപ്ലൈകോ കോഴിക്കോട് റീജിയണല്‍ മാനേജര്‍ എന്‍. രഘുനാഥ്, ജില്ലാ സപ്ലൈ ഓഫീസര്‍ റഷീദ് മുത്തുക്കണ്ടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ബാബു, ജില്ലാ പഞ്ചായത്ത് മെംബര്‍ ഒ.ആര്‍. രഘു എന്നിവര്‍ പ്രസംഗിച്ചു. തരിയോട് പഞ്ചായത്തിലെ കാവുംമന്ദം സപ്ലൈകോ സൂപ്പര്‍ സ്റ്റോറിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. തരിയോട് പഞ്ചായത്ത് ഓഫീസിന് സമീപം പ്രവര്‍ത്തിച്ചിരുന്ന സപ്ലൈകോ മാവേലി സ്റ്റോറാണ് സപ്ലൈകോ സൂപ്പര്‍ സ്റ്റോറായി ഉയര്‍ത്തിയത്. സി.കെ. ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. തരിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷീജ ആന്റണി, ജില്ലാ സപ്ലൈ ഓഫീസര്‍ റഷീദ് മുത്തുക്കണ്ടി എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍