ഇന്ത്യ യുഎസ് ബന്ധം കൂടുതല്‍ കരുത്താര്‍ജിച്ചു; ട്രംപിനെ ഫോണ്‍ വിളിച്ച് മോദി

ന്യൂഡല്‍ഹി: ഇന്ത്യയുഎസ് ബന്ധം കൂടുതല്‍ ശക്തിയാര്‍ജിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞതെന്നു കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ട്രംപിനും കുടുംബത്തിനും പുതുവര്‍ഷ ആശംസകള്‍ നേരാനാണ് പ്രധാനമന്ത്രി ഫോണില്‍ വിളിച്ചത്. വിശ്വാസം, പരസ്പര ബഹുമാനം, ധാരണ എന്നിവയില്‍ അധിഷ്ഠിതമായ ഇന്ത്യയുഎസ് ബന്ധം ശക്തിയില്‍നിന്നു ശക്തിയിലേക്കു വളര്‍ന്നുകഴിഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതില്‍ സുപ്രധാന പുരോഗതി കഴിഞ്ഞ വര്‍ഷം കൈവരിക്കാനായി. പരസ്പരം താത്പര്യമുള്ള എല്ലാ മേഖലകളിലും സഹകരണം വര്‍ധിപ്പിക്കുന്നതിന് പ്രസിഡന്റ് ട്രംപുമായി തുടര്‍ന്നും പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം മോദി പ്രകടിപ്പിച്ചെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയുഎസ് ബന്ധത്തിലെ നേട്ടങ്ങളില്‍ ട്രംപ് സംതൃപ്തി പ്രകടിപ്പിക്കുകയും ഉഭയകക്ഷി സഹകരണം കൂടുതല്‍ ആഴത്തിലാക്കാനുള്ള സന്നദ്ധത ആവര്‍ത്തിക്കുകയും ചെയ്തതായും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍