വളര്‍ച്ച: ബംഗ്ലാദേശും നേപ്പാളും ഇന്ത്യക്കു മുന്നിലെന്നു ലോകബാങ്ക്

ന്യൂഡല്‍ഹിയില്‍ സാമ്പത്തിക വളര്‍ച്ചയില്‍ ഇക്കൊല്ലം ബംഗ്ലാദേശ് ഇന്ത്യയെ മറികടക്കുമെന്നു ലോകബാങ്ക്. ഇന്ത്യ 2019-20ല്‍ അഞ്ചു ശതമാനം വളരുമ്പോള്‍ ബംഗ്ലാദേശ് 7.2 ശതമാനം വളരും. കഴിഞ്ഞ രണ്ടു വര്‍ഷവും ബംഗ്ലാദേശ് ഇന്ത്യയേക്കാള്‍ വേഗം വളര്‍ന്നിരുന്നു. 2017-18ല്‍ ഇന്ത്യ 7.2 ശതമാനം വളര്‍ന്നപ്പോള്‍ ബംഗ്ലാദേശിന് 7.9 ശതമാനം വളര്‍ച്ച. 2018-19ല്‍ ഇന്ത്യയുടെ 6.8 ശതമാനത്തിന്റെ സ്ഥാനത്ത് 8.1 ശതമാനം വളര്‍ച്ച. അടുത്ത വര്‍ഷവും (2020-21) ഇന്ത്യയേക്കാള്‍ വേഗത്തിലാകും ബംഗ്ലാദേശിന്റെ വളര്‍ച്ച എന്ന് ലോകബാങ്ക് പുറത്തിറക്കിയ ഗ്ലോബല്‍ ഇക്കണോമിക് പ്രോസ്‌പെക്ടസിന്റെ 2020 ജനുവരിയിലെ പതിപ്പ് പറയുന്നു. ഇന്ത്യ 5.8 ശതമാനം വളരുമ്പോള്‍ ബംഗ്ലാദേശ് 7.3 ശതമാനത്തിലെത്തും. 2021-22ല്‍ ഇന്ത്യ 6.1 ശതമാനം വളര്‍ച്ച കുറിക്കുമ്പോള്‍ ബംഗ്ലാദേശിന് 7.3 ശതമാനം വളരാനാകും. ഭൂട്ടാനും നേപ്പാളും പോലും ഈ വര്‍ഷവും അടുത്ത രണ്ടു വര്‍ഷവും ഇന്ത്യയേക്കാള്‍ വേഗം വളരുമത്രേ. ഭൂട്ടാന്‍ 5.6, 7.6, 6.2 എന്ന തോതില്‍ വളരും. നേപ്പാള്‍ 6.4, 6.5, 6.6 എന്ന തോതിലും. അയല്‍ക്കാരില്‍ പാക്കിസ്ഥാനും ശ്രീലങ്കയും ഇന്ത്യയേക്കാള്‍ കുറഞ്ഞ തോതിലേ വളരൂ എന്നു ലോകബാങ്ക് കണക്കാക്കുന്നു. ശ്രീലങ്ക 3.3, 3.7, 3.7 എന്ന തോതില്‍ വളരുമ്പോള്‍ പാക്കിസ്ഥാന്‍ 2.4, 3.0, 3.9 തോതിലാകും വളരുക. ലോകബാങ്ക് കഴിഞ്ഞ ജൂലൈയില്‍ ഇന്ത്യ 6.9 ശതമാനം വളരുമെന്നു പറഞ്ഞിരുന്നു. ഒക്ടോബറില്‍ അത് ആറു ശതമാനമാക്കി. അവിടെനിന്നാണ് അഞ്ചു ശതമാനത്തിലേക്കു പ്രതീക്ഷ താഴ്ത്തിയത്.ഇന്ത്യ ഉള്‍പ്പെട്ട ദക്ഷിണേഷ്യന്‍ മേഖലയുടെ ഈ വര്‍ഷത്തെ വളര്‍ച്ച 5.5 ശതമാനമാകും എന്നാണു ലോകബാങ്ക് കണക്കാക്കുന്നത്. വികസിതതരാജ്യങ്ങളുടെ വളര്‍ച്ച 1.4 ശതമാനത്തിലേക്കു കുറയും. അമേരിക്ക 1.8 ശതമാനം വളരുമ്പോള്‍ യൂറോ മേഖല ഒരു ശതമാനത്തില്‍ ഒതുങ്ങും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍