മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗം നൂതന സംവിധാനത്തിലേക്ക്

 തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ പുതിയ അത്യാഹിത വിഭാഗം എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കി പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ആശുപത്രി അധികൃതര്‍ക്കും നിര്‍മാണ കമ്പനികള്‍ക്കും നിര്‍ദേശം നല്‍കി. പുതിയ അത്യാഹിത വിഭാഗം സാക്ഷാത്ക്കരിക്കുന്നതോടെ മെഡിക്കല്‍ കോളജ് നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് വലിയൊരളവുവരെ പരിഹാരമാകുമെന്നും അത്യാഹിത വിഭാഗത്തിലെത്താനുള്ള ഗതാഗത പ്രശ്‌നങ്ങളും ഒഴിവാക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.അത്യാഹിത വിഭാഗത്തിന്റെ 90 ശതമാനത്തോളം നിര്‍മാണ പ്രര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. അത്യാഹിത വിഭാഗത്തിനു മുന്‍വശത്തുള്ള റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടൊപ്പം തന്നെ പുതിയ അത്യാഹിത വിഭാഗം പ്രവര്‍ത്തനസജ്ജമാക്കാന്‍ സാധിക്കും. എയിംസ് മാതൃകയില്‍ അത്യാധുനിക സംവിധാനത്തോടെയുള്ള പുതിയ ട്രോമ കെയര്‍ സംവിധാനവും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗവും ഉള്‍പ്പെടയാണ് അത്യാഹിത വിഭാഗം പ്രവര്‍ത്തനസജ്ജമാകുക. ഏകദേശം 10 കോടിയോളം രൂപ മുടക്കിയാണ് അത്യാഹിത വിഭാഗം രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കൂടാതെ സമ്പൂര്‍ണ ട്രോമ കെയര്‍ സംവിധാനത്തിന്റെ ഭാഗമായി 11.27 കോടി രൂപയും അനുവദിച്ചിരുന്നു.എയിംസിലെ ഡോക്ടര്‍മാരുടെ സഹകരണത്തോടെ ലെവല്‍ 2 സംവിധാനമുള്ള ട്രോമ കെയര്‍ സംവിധാനമാണ് ഒരുക്കുന്നത്. ഒരു രോഗി എത്തുമ്പോള്‍ തന്നെ ആ രോഗിയുടെ ഗുരുതരാവസ്ഥ പരിഗണിച്ച് വിവിധ മേഖലയിലേക്ക് തിരിച്ചു വിടുന്നു. ചുവന്ന മേഖല, മഞ്ഞ മേഖല, പച്ച മേഖല എന്നിങ്ങനെ 3 മേഖലകളാക്കി തിരിച്ചാണ് അത്യാഹിത വിഭാഗ ചികിത്സ ക്രമീകരിക്കപ്പെടുന്നത്. അതീവ തീവ്ര പരിചരണം ആവശ്യമുള്ള മേഖലയാണ് ചുവന്ന മേഖല. അത്ര ഗുരുതരമല്ലാത്ത രോഗികളെ ചികിത്സിക്കുന്ന മേഖലയാണ് മഞ്ഞ മേഖല. സാരമായ പ്രശ്‌നങ്ങളില്ലാത്ത രോഗികളെ പരിശോധിക്കുന്നതാണ് പച്ച മേഖല. പുതിയ അത്യാഹിത വിഭാഗത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവനക്കാര്‍ക്കുള്ള ജീവന്‍ രക്ഷാ പരിശീലനങ്ങളും പൂര്‍ത്തിയായി വരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍