രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ക്കും അക്രമപ്രവര്‍ത്തനങ്ങള്‍ക്കും ഇറാഖിന്റെ മണ്ണിനെ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഖത്തര്‍

ദോഹ:രാഷ്ട്രീയ ഏറ്റുമുട്ടലുകളും അക്രമങ്ങളും ഇറാഖില്‍ വെച്ച് നടത്തുന്നതിനെതിരെ ഖത്തര്‍. ഇതിനെതിരെ മുഴുവന്‍ രാജ്യങ്ങളും ഒറ്റക്കെട്ടായി നിലപാടെടുക്കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു. ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം ഇറാഖിലെത്തിയ ഖത്തര്‍ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ക്കും അക്രമപ്രവര്‍ത്തനങ്ങള്‍ക്കും ഇറാഖിന്റെ മണ്ണിനെ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. ഇതിനായി ലോക രാജ്യങ്ങള്‍ നിലപാട് കൈക്കൊള്ളണം. ഇറാഖിലും മേഖലയിലൊന്നാകെയും സമാധാനം നിലനിര്‍ത്തുന്നതിനാവശ്യമായ നടപടികളാണ് ഖത്തര്‍ കൈക്കൊള്ളുന്നത്. ഇതിനായി തങ്ങളുടെ കൂടെ നില്‍ക്കുന്ന രാജ്യങ്ങളുമായി ചേര്‍ന്ന് പരിശ്രമങ്ങള്‍ നടത്തിവരികയാണ്. ഇറാഖിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയക്കും വലിയ വിലയാണ് ഖത്തര്‍ കല്‍പ്പിക്കുന്നതെന്നും വിദേശകാര്യമന്ത്രി പറഞ്ഞു ഇറാഖ് പ്രസിഡന്റും പ്രധാനമന്ത്രിയുമായികൂടിക്കാഴ്ചച നടത്തിയതിന് ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഖത്തര്‍ വിദേശകാര്യമന്ത്രിയുടെ പ്രതികരണം. ഇറാഖിന്റെ സര്‍വതോന്മുഖമായ വികസനത്തിന് വേണ്ടി എല്ലാ സഹകരണവും ഇന്നലെ നടന്ന കൂടിക്കാഴ്ചചകളില്‍ ഖത്തര്‍ വിദേശകാര്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. ഇറാഖില്‍ വെച്ച് ഇറാന്‍ സൈനിക തലവന്‍ ഖ്വാസിം സുലൈമാനി അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഖത്തര്‍ വിദേശകാര്യമന്ത്രി ഇറാഖിലെത്തിയത്. അമേരിക്കന്‍ ആക്രമണത്തിന് തിരിച്ചടിയെന്ന നിലയില്‍ ഇറാഖിലെ അമേരിക്കന്‍ താവളങ്ങള്‍ക്ക് മേല്‍ ഇറാനും ആക്രമണം നടത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍