ഇറാനിലുള്ള ഇന്ത്യക്കാരെ രക്ഷിക്കാന്‍ ഐ.എന്‍.എസ് ത്രിഖണ്ഡ് സജ്ജമാക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ഇറാനിലുള്ള ഇന്ത്യക്കാരെ രക്ഷിക്കാന്‍ നാവികസേന കപ്പലായ ഐ.എന്‍.എസ് ത്രിഖണ്ഡ് സജ്ജമാക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. ആവശ്യമാണെങ്കില്‍ ഐ.എന്‍.എസ് ത്രിഖണ്ഡ് ഉപയോഗിച്ച് ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ ഒരു ദേശീയ മാദ്ധ്യമത്തിനോട് പറഞ്ഞു. ചരക്കുകപ്പലുകളുടെ സുരക്ഷയ്ക്ക് വേണ്ടി ഇന്ത്യ വിന്യസിച്ചിരിക്കുന്ന യുദ്ധക്കപ്പലാണ് ഐ.എന്‍.എസ് ത്രിഖണ്ഡ്. ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നമുണ്ടായാല്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ഐ.എന്‍.എസ് ത്രിഖണ്ഡ് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനും അമേരിക്കയും തമ്മിലുള്ള പുതിയ സംഘര്‍ഷം ഇന്ത്യ ഗൗരവത്തോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുരാജ്യങ്ങളും സംയമനം പാലിക്കണം. തര്‍ക്കങ്ങളും പ്രശ്‌നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കുകയാണ് വേണ്ടതെന്നും രവീഷ് കുമാര്‍ ആവശ്യപ്പെട്ടു. അതേസമയം അമേരിക്കയുമായുള്ള സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള ഇന്ത്യയുടെ ഏതൊരു സമാധാന ദൗത്യത്തേയും ഇറാന്‍ സ്വാഗതം ചെയ്യുമെന്ന് ഇറാന്‍ പ്രതിനിധി അലി ഷെഗെനി പറഞ്ഞു. ലോകത്ത് സമാധാനം നിലനിര്‍ത്തുന്നതില്‍ ഇന്ത്യ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇതേസമയം, ഇന്ത്യ ഈ മേഖലയുടെ ഭാഗവുമാണ്. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള സമാധാന പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. മേഖലയില്‍ സമാധാനം പുലര്‍ത്തുന്നതിന് ഞങ്ങളുടെ ഒരു നല്ല സുഹൃത്ത് എന്ന നിലയ്ക്ക്, പ്രത്യേകിച്ചും ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടാകുന്ന എല്ലാ ദൗത്യങ്ങളും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. അലി ഷെഗെനി മാദ്ധ്യമം പ്രവര്‍ത്തകരോട് പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍