രാജ്യത്ത് കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കടുത്ത ദുരിതത്തില്‍: എസ്. രാമചന്ദ്രന്‍പിള്ള

കണ്ണൂര്‍: രാജ്യത്ത് കര്‍ഷകത്തൊഴിലാളികളുടെയും കര്‍ഷകരുടെയും ജീവിതം കടുത്ത ദുരിതത്തിലാണെന്ന് കിസാന്‍ സഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എസ്. രാമചന്ദ്രന്‍ പിള്ള. കാലാവസ്ഥാവ്യതിയാനം കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും പ്രതികൂലമായി ബാധിച്ചു. വരള്‍ച്ച, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, വായുമലിനീകരണം തുടങ്ങിയവയെല്ലാം കര്‍ഷകരെ സാരമായി ബാധിച്ചു. വരുംവര്‍ഷങ്ങളില്‍ കാലാവസ്ഥാവ്യതിയാനം രൂക്ഷമാകുമെന്ന റിപ്പോര്‍ട്ടുകള്‍ ആശങ്ക സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകത്തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ സമ്മേളനം കണ്ണൂര്‍ നായനാര്‍ അക്കാഡമിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എസ്ആര്‍പി.നിലവില്‍ കര്‍ഷകത്തൊഴിലാളികള്‍ മറ്റു ജോലി തേടി പോകുന്ന സാഹചര്യമാണുള്ളത്. കാര്‍ഷികോത്പന്നങ്ങള്‍ക്ക് ആനുപാതികമായ വില ലഭിക്കാത്തത് കര്‍ഷര്‍ക്ക് തിരിച്ചടിയാണ്. തൊഴിലില്ലായ്മാനിരക്ക് കുതിച്ചുയരുമ്പോള്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കര്‍ഷകത്തൊഴിലാളികളെയാണ്. കാര്‍ഷികോത്പന്നങ്ങള്‍ക്ക് വില കിട്ടാതായതോടെ കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നു. പ്രതിദിനം 31 കര്‍ഷകര്‍വീതമാണ് രാജ്യത്ത് ആത്മഹത്യചെയ്യുന്നത്. മോദിസര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കര്‍ഷകര്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും ലംഘിച്ചു. വ്യാവസായിക മേഖലയിലാകട്ടെ അനുദിനം ഉത്പാദനം കുറഞ്ഞുവരുന്നു. രാജ്യത്തെ 17 വ്യവസായയൂണിറ്റുകള്‍ നഷ്ടത്തിലായി. ഇതില്‍ പത്തെണ്ണത്തിന്റെ വളര്‍ച്ച നെഗറ്റീവിലേക്ക് കൂപ്പുകുത്തി. ഇതിനകം 10 ലക്ഷം പേര്‍ തൊഴില്‍രഹിതരായി. എന്നാല്‍ ഇതെല്ലാം മുന്‍കൂട്ടി കണ്ട് കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. ഏകാധിപതിയെപ്പോലെ പെരുമാറുന്ന മോദി രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നയങ്ങള്‍ ഇതേവരെയുണ്ടായ നേട്ടങ്ങളെ ഇല്ലാതാക്കുന്നതാണ്. കേന്ദ്രനയങ്ങള്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് തകര്‍ത്തു. രാജ്യത്തെ ന്യൂനപക്ഷദളിത് വിഭാഗങ്ങള്‍ കടുത്ത വിവേചനവും അനീതിയും നേരിട്ടുകൊണ്ടിരിക്കുന്നു. പ്രതിഷേധങ്ങളെ ഫാസിസ്റ്റ് രീതി ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് മോദിസര്‍ക്കാര്‍. അംബാസിഡറായി അമിത്ഷാ അതിന് നേതൃത്വം നല്‍കുന്നു. രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ സര്‍ക്കാര്‍സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നു. ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ്, സിബിഐ തുടങ്ങിയ സംവിധാനങ്ങളുപയോഗിച്ചാണ് രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തുന്നത്. പാര്‍ലമെന്റിനെപ്പോലും നോക്കുകുത്തിയാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും രാമചന്ദ്രന്‍ പിള്ള പറഞ്ഞു.എസ്. തിരുനാവുക്കരശ് അധ്യക്ഷനായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള നേതാക്കള്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി എ. വിജയരാഘവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.വി. ഗോവിന്ദന്‍ സ്വാഗതം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍