ഗര്‍ഭസ്ഥശിശുവിന്റെ അവകാശങ്ങള്‍ സംരക്ഷിക്കണം: ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: എല്ലാ കുഞ്ഞുങ്ങളും ദൈവത്തിന്റെ അമൂല്യദാനങ്ങളാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മനുഷ്യജീവന്റെ പവിത്രതയും അന്തസും നാം സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗര്‍ഭച്ഛിദ്ര നിരോധനത്തിനായി പോരാടുന്ന പ്രോലൈഫ് പ്രവര്‍ത്തകര്‍ നടത്തുന്ന 'മാര്‍ച്ച് ഫോര്‍ ലൈഫ്' വാര്‍ഷിക റാലിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. ഇതാദ്യമായാണ് ഒരു യുഎസ് പ്രസിഡന്റ് റാലിയില്‍ പങ്കെടുക്കുന്നത്.
വാഷിംഗ്ടണ്‍ ഡിസിയില്‍ യുഎസ് കാപ്പിറ്റോള്‍ മന്ദിരത്തിനു സമീപം നടന്ന റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ജനിക്കാനിരിക്കുന്ന കുഞ്ഞ് കൈവരിക്കാന്‍ പോകുന്ന നേട്ടങ്ങളെക്കുറിച്ചോ, കാണാന്‍ പോകുന്ന സ്വപ്‌നങ്ങളെക്കുറിച്ചോ, നടത്താന്‍ പോകുന്ന കണ്ടുപിടിത്തങ്ങളെക്കുറിച്ചോ നമുക്കറിയില്ലെന്ന് ട്രംപ് പറഞ്ഞു. ഗര്‍ഭസ്ഥശിശുക്കളുടെ അവകാശങ്ങളെ ഇത്ര ശക്തമായി പിന്തുണയ്ക്കുന്ന മറ്റൊരു പ്രസിഡന്റ് അമേരിക്കയില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യുഎസ് സുപ്രീംകോടതി 1973 ജനുവരിയില്‍ 'റോ വേഴ്‌സസ് വേഡ്' കേസില്‍ വിധിപറഞ്ഞ് ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കിയതിന്റെ വാര്‍ഷികത്തിലാണ് റാലി നടക്കുന്നത്. ട്രംപ് കഴിഞ്ഞ വര്‍ഷം വീഡിയോ സന്ദേശത്തിലൂടെ റാലിയെ അഭിസംബോധന ചെയ്തിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍