പിഴ കുറച്ചത് നിയമവിധേയമായി, മാറ്റം വരുത്തില്ല: ഗതാഗത മന്ത്രി

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുറച്ച തീരുമാനത്തില്‍ തത്കാലം ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നു സംസ്ഥാന ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍. കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതി പ്രകാരമുള്ള പിഴത്തുകയില്‍ കുറവ് വരുത്തരുതെന്ന് കാട്ടി കേന്ദ്ര ഗതാഗഗത മന്ത്രായലയം കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയിരിക്കുന്ന പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.എല്ലാ സംസ്ഥാനങ്ങള്‍ക്കുമുള്ള പൊതുവായ നിര്‍ദേശങ്ങള്‍ മാത്രമാണു കത്തിലുള്ളതെന്നും കേരളം ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം നടത്തിയതായി കത്തില്‍ പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നിയമോപദേശം സ്വീകരിച്ചശേഷമാണ് കേരളം കേന്ദ്ര നിയമഭേദഗതി പ്രകാരമുള്ള പിഴത്തുകയില്‍ കുറവു വരുത്തിയത്. നിയമത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം ഉപയോഗപ്പെടുത്തിയാണ് കേരളത്തില്‍ പിഴത്തുകയില്‍ സംസ്ഥാന സര്‍ക്കാര്‍ കുറവു വരുത്തിയത്. അതിനാല്‍ ഇക്കാര്യത്തില്‍ നിയമപരമായ പ്രശ്‌നങ്ങളൊന്നുമില്ല.അതല്ല, ഇക്കാര്യത്തില്‍ കേരളം നടത്തിയ നിയമലംഘനം എന്താണെന്നു ചൂണ്ടിക്കാട്ടി ഗതാഗത മന്ത്രാലയം വിശദമായ കത്തു നല്‍കുകയാണെങ്കില്‍ അക്കാര്യം നിയമവിദഗ്ധരുമായി ആലോചിക്കുകയും ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും. നിലവില്‍ അത്തരമൊരു സാഹചര്യമില്ല. അതിനാല്‍ പിഴത്തുകയില്‍ കുറവ് വരുത്തിയ തീരുമാനത്തില്‍ മാറ്റമുണ്ടാവില്ലെന്നും നിലവിലെ സ്ഥിതി തുടരുമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍