യുക്രെയ്ന്‍ വിമാനം തകര്‍ന്നു വീഴുന്നത് പകര്‍ത്തിയ ആള്‍ അറസ്റ്റില്‍

ടെഹ്‌റാന്‍: ഇറാനില്‍ അബദ്ധത്തില്‍ മിസൈല്‍ പ്രയോഗിച്ച് യുക്രെയ്ന്‍ വിമാനം വീഴ്ത്തി 176 പേരുടെ മരണത്തിനിടയാക്കിയ സംഭവം ക്യാമറയില്‍ പകര്‍ത്തിയ ആള്‍ അറസ്റ്റില്‍. ഇറാന്‍ റെവലൂഷനറി ഗാര്‍ഡ്‌സ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തേക്കുമെന്നാണ് അറിയുന്നത്. വിമാനം തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ആളാണ് അറസ്റ്റിലായിരിക്കുന്നത്. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകന്‍ ഈ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ തനിക്ക് വീഡിയോ കൈമാറിയ ആള്‍ സുരക്ഷിതനാണെന്നും തെറ്റായ വ്യക്തിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്നും ഇയാള്‍ പറയുന്നു. ഇതിനിടെ വിമാന ദുരന്തക്കേസില്‍ ഏതാനും പേരെ അറസ്റ്റ് ചെയ്‌തെന്ന് ജുഡീഷറി വക്താവ് ഗുലാം ഹുസൈന്‍ ഇസ്മയില്‍ അറിയിച്ചു. എത്രപേര്‍ അറസ്റ്റി ലായെന്നും മറ്റുമുള്ള വിശദ വിവരങ്ങള്‍ വ്യക്തമല്ല. പ്രത്യേക കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നു ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി നിര്‍ ദേശിച്ചു. മിസൈല്‍ തൊടുത്തുവിടാനുള്ള ബട്ടണ്‍ അമര്‍ത്തിയ ഒരാളില്‍മാത്രം ഉത്തരവാദിത്വം ഒതുങ്ങില്ല. ബന്ധപ്പെട്ട എല്ലാവരെയും കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതുണ്ടെന്നു റുഹാനി ടിവി പ്രസംഗത്തില്‍ പറഞ്ഞു. വിമാന ദുരന്തത്തിന്റെ യഥാര്‍ഥ കാരണം വിശദീകരിക്കാന്‍ അധികൃതര്‍ കാലതാമസം വരുത്തിയതിനെക്കുറിച്ചും അന്വേഷണമെന്ന് റുഹാനി പറഞ്ഞു. ദുരന്ത മുണ്ടായ ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച സുപ്രീം നാഷണല്‍ കൗണ്‍സില്‍ ചേര്‍ന്നതു വരെ നടന്ന എല്ലാ സംഭവങ്ങളും ബന്ധപ്പെട്ടവര്‍ ജനങ്ങളോടു വിശദീക രിക്കണം. മേലില്‍ ഇത്തരം സംഭവം ആവര്‍ത്തിക്കില്ലെന്ന് ഇറാന്‍ ജനതയ്ക്ക് ഉറപ്പു ലഭിക്കുകയും വേണം. ഈ മാസം മൂന്നിന് അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇറാന്‍ ഇറാക്കിലെ യുഎസ് താവളങ്ങള്‍ക്കു നേരേ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. അമേരിക്കയുടെ പ്രതികാര നടപടി ഭയന്ന് രാജ്യം ഏറെ ജാഗ്രതയിലുമായിരുന്നു. ആ സ മയത്താണ് ടെഹ്‌റാനില്‍ നിന്ന് യുക്രെയ്ന്‍ തലസ്ഥാനമായ കീവിലേക്കു പോകാന്‍ പറന്നുയര്‍ന്ന വിമാനം മിസൈലേറ്റു വീണത്. ആദ്യം നിഷേധിച്ചെങ്കിലും അ ബദ്ധത്തില്‍ വിമാനത്തിനു നേര്‍ക്കു മിസൈല്‍ പ്രയോഗിച്ചത് തങ്ങളുടെ സൈന്യമാണെന്ന് ഇറാന്‍ പിന്നീടു സമ്മതിച്ചു. കനേഡിയന്‍ സ്വദേശികള്‍ ഉള്‍പ്പെടെ വി മാനത്തിലുണ്ടായിരുന്ന 176 പേരും കൊല്ലപ്പെട്ടു. അമേരിക്ക അയച്ച ക്രൂസ് മിസൈലാണെന്നു തെറ്റിദ്ധരിച്ചാണു വിമാനത്തിനു നേര്‍ക്ക് മിസൈല്‍ അയച്ചതെന്ന് ഇറാന്‍ സൈനിക വക്താവ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍