അബുദാബി നഗരത്തില്‍ വാഹനങ്ങളില്‍ നിന്ന് റോഡ് ചുങ്കം ഈടാക്കി തുടങ്ങി

അബുദാബി:അബുദാബി നഗരത്തില്‍ എത്തുന്ന വാഹനങ്ങളില്‍ നിന്ന് റോഡ് ചുങ്കം ഈടാക്കി തുടങ്ങി. രാവിലെയും വൈകുന്നേരവും രണ്ട് മണിക്കൂര്‍ വീതമാണ് നാല് ദിര്‍ഹം ടോള്‍ ഈടാക്കുക. മറ്റു സമയങ്ങളില്‍ വാഹനങ്ങള്‍ക്ക് സൗജന്യമായി കടന്നുപോകാം. ഇന്ന് മുതലാണ് അബുദാബി നഗരത്തിലെ ടോള്‍ ഗേറ്റുകള്‍ വാഹനങ്ങളില്‍ നിന്ന് ചുങ്കം ഈടാക്കി തുടങ്ങിയത്. നഗരത്തിലെ നാല് പാലങ്ങളിലാണ് ഇപ്പോള്‍ ടോള്‍ ഗേറ്റുകള്‍ ചുങ്കം ഈടാക്കി തുടങ്ങിയത്. രാവിലെ ഏഴ് മുതല്‍ ഒമ്പത് വരെയും വൈകുന്നേരം അഞ്ച് മുതല്‍ ഏഴ് വരെയും ടോള്‍ഗേറ്റിലൂടെ കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്നാണ് നാല് ദിര്‍ഹം ഈടാക്കുക.ടോള്‍ഗേറ്റിലൂടെ ഈ സമയം കടന്നുപോകാന്‍ വാഹനങ്ങള്‍ മുന്‍കൂട്ടി ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്ററിന്റെ വെബ്‌സൈറ്റില്‍ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കണം. രജിസ്‌ട്രേഷന് 100 ദിര്‍ഹം ചെലവ് വരും. ഇതില്‍ 50 ദിര്‍ഹം ടോള്‍ നല്‍കാന്‍ ഉപയോഗിക്കാം. രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ ടോള്‍ ഈടാക്കുന്ന സമയത്ത് കടന്നുപോയാല്‍ പിഴ നല്‍കേണ്ടി വരും. നേരത്തേ പീക്ക് സമയത്തല്ലാതെ കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്ന് രണ്ട് ദിര്‍ഹം ചുങ്കം ഈടാക്കാന്‍ തീരുമാനിച്ചിരുന്നു എങ്കിലും പിന്നീട് സൗജന്യമാക്കി. ഐ.ടി.സിയുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ ടോള്‍ ബാധകമല്ലാത്ത സമയങ്ങളില്‍ കടന്നുപോയാലും തല്‍കാലും പിഴ ഈടാക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍