ഗവര്‍ണറെ നിയമസഭയില്‍ തടഞ്ഞ് പ്രതിപക്ഷം

 തിരുവനന്തപുരം: നിയമസഭാസമ്മേളനത്തില്‍ നയപ്രഖ്യാപനത്തിനായി എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി തടഞ്ഞു. നിയമസഭ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഗവര്‍ണറെ നിയമസഭയില്‍ അംഗങ്ങള്‍ തടയുന്നത്. രാവിലെ 8.50ന് ഗവര്‍ണര്‍ സഭാമന്ദിരത്തിലെത്തി. അവിടെ ഗാര്‍ഡ് ഒഫ് ഓണര്‍ സ്വീകരിച്ച ശേഷം മുഖ്യമന്ത്രിയും സ്പീക്കറും ചേര്‍ന്ന് ഡയസിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഗവര്‍ണറെ സ്വീകരിക്കാന്‍ പ്രതിപക്ഷ നേതാവും ഒപ്പമുണ്ടാകണമെങ്കിലും രമേശ് ചെന്നിത്തല ചടങ്ങില്‍ പങ്കെടുത്തില്ല.അതേസമയം, ഭരണപക്ഷം പ്രതിഷേധത്തില്‍ നിന്ന് വിട്ടുനിന്നു. സഭയിലേക്ക് സ്പീക്കറും മുഖ്യമന്ത്രിയും ചേര്‍ന്ന് ആനയിച്ച ഗവര്‍ണറെ പ്രതിപക്ഷം ബാനറുകളും പ്ലക്കാര്‍ഡുമായി തടയുകയായിരുന്നു. സഭയുടെ നടുത്തളത്തിലാണ് പ്രതിപക്ഷം തടഞ്ഞത്. ഗവര്‍ണര്‍ക്കെതിരെ 'ഗോ ബാക്ക് ' വിളികളും മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ കുത്തിയിരുന്നു. ഗവര്‍ണര്‍ക്കൊപ്പം സ്പീക്കറും മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് വാച്ച് ആന്‍ഡ് വാര്‍ഡ് എത്തി പ്രതിപക്ഷ അംഗങ്ങളെ നീക്കി ഗവര്‍ണര്‍ക്ക് വഴിയൊരുക്കുകയായിരുന്നുഗവര്‍ണര്‍ നയപ്രഖ്യാപന സമയത്ത് നിയമസഭയില്‍ എത്തിയാല്‍ സ്വീകരിക്കേണ്ട കൃത്യമായ പ്രോട്ടോക്കോളുണ്ട്. ഇതിന്റെയൊക്കെ ലംഘനത്തിനാണ് ഇന്ന് സഭ സാക്ഷ്യം വഹിച്ചത്. ഭരണപക്ഷത്തെയും ഗവര്‍ണറെയും ഒരുപോലെ അമ്പരിപ്പിക്കുന്ന പ്രതിഷേധമായിരുന്നു നടന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍