എരുമേലിയില്‍ ഭക്തജനപ്രവാഹം; കെഎസ്ആര്‍ടിസിക്ക് ലഭിച്ചത് ഒരുകോടി

എരുമേലി: എരുമേലിയില്‍ അയ്യപ്പഭക്തരുടെ നിലയ്ക്കാത്ത ഒഴുക്ക്. ഇത് മുന്‍നിര്‍ത്തി പോലീസിന്റെ അംഗബലം കൂട്ടാന്‍ തീരുമാനമായി. ചന്ദനക്കുടം, പേട്ടതുള്ളല്‍ ദിനങ്ങളിലും തൊട്ടടുത്തുള്ള ദിവസങ്ങളിലും വന്‍ പോലീസ് സന്നാഹമുണ്ടാകും. ഗതാഗത ക്രമീകരണം കൂടുതല്‍ കാര്യക്ഷമമാക്കാനും തീരുമാനിച്ചു. ലോക്കല്‍ സ്റ്റേഷനുകളിലെ പോലീസിനെ കൂടാതെ സമീപ ജില്ലകളിലെയും വിവിധ ക്യാമ്പുകളിലെയും പോലീസുകാരും ഡ്യൂട്ടിക്കുണ്ടാകും. ഇക്കഴിഞ്ഞ മണ്ഡലകാലത്ത് കെഎസ്ആര്‍ടിസി ഒരു കോടിയുടെ അടുത്ത് വരുമാനം നേടിയെന്ന് കണക്കുകള്‍. 85 ലക്ഷം രൂപയാണ് 41 ദിവസങ്ങളിലെ മണ്ഡലകാലത്തെ വരുമാനമെങ്കിലും അധികമായി രണ്ട് ദിവസം സ്‌പെഷല്‍ സര്‍വീസുകള്‍ പമ്പയിലേക്ക് നടത്തിയിരുന്നു. കൂടാതെ സ്‌പെഷല്‍ ബസുകള്‍ ഇല്ലാത്ത സമയങ്ങളില്‍ സെന്ററിലെ മറ്റ് ബസുകള്‍ പമ്പയിലേക്ക് അധികമായി സര്‍വീസ് നടത്തുകയും ചെയ്തിരുന്നു. അധികമായി രണ്ട് ദിവസം സര്‍വീസ് നടത്തിയതിന്റെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തുമ്പോള്‍ വരുമാനം മൊത്തം 90,22,398 രൂപയാണ്. സ്‌പെഷല്‍ ബസുകള്‍ക്ക് പകരം സെന്ററിലെ ബസുകള്‍ ഉപയോഗിച്ചതിലെ കളക്ഷന്‍ കൂടി കണക്കില്‍ ഉള്‍പ്പെടുത്തുമ്പോള്‍ മൊത്തം വരുമാനം ഒരു കോടി രൂപയോളമാകുമെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ മണ്ഡല കാലത്തേക്കാള്‍ 39 ലക്ഷം രൂപയാണ് ഇത്തവണ അധികം നേടിയത്. കഴിഞ്ഞ തവണ മുതല്‍ പമ്പ എരുമേലി ടിക്കറ്റ് നിരക്ക് 80 രൂപയാണ്. ഇത്തവണ 1,17,202 പേരാണ് യാത്ര ചെയ്തത്. കഴിഞ്ഞ തവണ യാത്രക്കാരുടെ എണ്ണം 70,669 ആയിരുന്നു. ഇത്തവണ 3621 ട്രിപ്പുകള്‍ നടത്തി. അധികമായി 50 ജീവനക്കാര്‍ ഡ്യൂട്ടിയില്‍ പങ്കെടുത്തു. ഒരു കിലോമീറ്ററില്‍ 69 രൂപ 13 പൈസ വീതം വരുമാനം നേടാനായി. പൊന്‍കുന്നം എടിഒ എസ്. രമേശ്, എരുമേലി സെന്റര്‍ ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് എം.ടി. പ്രസാദ്, ഇന്‍സ്‌പെക്ടര്‍മാരായ ഓസന്‍ ജോസഫ്, കെ.എസ്. ഭാസി, ടി.കെ. സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്‌പെഷല്‍ സര്‍വീസുകള്‍ നടത്തിയത്. തീര്‍ഥാടകരില്‍ നിന്നും നാട്ടുകാരില്‍ നിന്നും ഒരു പരാതി പോലും ഇത്തവണ ഉണ്ടായില്ലെന്ന് ഇവര്‍ പറഞ്ഞു. മകരവിളക്ക് സീസണില്‍ വന്‍ തിരക്കുണ്ടാകുമെന്നുള്ളതിനാല്‍ കൂടുതല്‍ ബസുകള്‍ സ്‌പെഷല്‍ സര്‍വീസിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍