എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഒരുമിച്ചുതന്നെ; വിദ്യാര്‍ഥികളെ ഇടകലര്‍ത്തി ഇരുത്തില്ല

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഒരുമിച്ചു തന്നെ. ഇതുസംബന്ധിച്ച് ഉയര്‍ന്നു വന്ന ആശങ്കകളെല്ലാം പരിഹരിച്ചാണ് മാര്‍ച്ച് 10ന് പരീക്ഷ ആരംഭിക്കുക. ക്യൂഐപി യോഗമാണ് ഈ തീരുമാനമെടുത്തത്. പരീക്ഷകള്‍ ഒരുമിച്ചു നടത്തുമെങ്കിലും എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെ ഇടകലര്‍ത്തിയാവില്ല പരീക്ഷയ്ക്ക് ഇരുത്തുന്നത്. 2034 പരീക്ഷാ കേന്ദ്രങ്ങളില്‍ 1689 കേന്ദ്രങ്ങളിലും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെ പ്രത്യേകമായി ഇരുത്തി പരീക്ഷ എഴുതിക്കാനാവും. ശേഷിക്കുന്ന സ്‌കൂളുകളില്‍ മാത്രമേ ക്ലാസുകളില്‍ അത്യാവശ്യം ഇടകലര്‍ത്തേണ്ട സാഹചര്യം ഉണ്ടാകൂ. ഇതും പരമാവധി പ്രത്യേക ക്ലാസ് മുറികളില്‍ രണ്ടു പരീക്ഷകളും നടത്തുന്നതിനാണു ശ്രമിക്കുന്നത്. 58 സ്‌കൂളുകളില്‍ കൂടുതല്‍ സ്ഥലസൗകര്യമുള്ള ക്ലാസുകളില്‍ മൂന്നു വീതം ബഞ്ചും ഡസ്‌ക്കും അധികമായി വിന്യസിച്ച് 40 കുട്ടികളെ വരെ ഇരുത്തി പരീക്ഷ നടത്തും. എട്ട്, ഒമ്പത് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് രണ്ടിന് ആരംഭിച്ച് 30ന് അവസാനിക്കും. ഹൈസ്‌കൂളിനോടു ചേര്‍ന്നുള്ള യുപി, എല്‍പി ക്ലാസ് പരീക്ഷ മാര്‍ച്ച് നാലിന് ആരംഭിക്കും. 30 ന് അവസാനിക്കും. സ്വതന്ത്രമായി നില്‍ക്കുന്ന യുപി, എല്‍പി ക്ലാസുകളില്‍ മാര്‍ച്ച് 20ന് പരീക്ഷ ആരംഭിച്ച് 30ന് അവസാനിക്കും. മുസ്‌ലിം സ്‌കൂളുകളിലെ വാര്‍ഷിക പരീക്ഷ ഏപ്രില്‍ ഒന്നിന് ആരംഭിച്ച് എട്ടിന് അവസാനിക്കും. പൊതു വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കായി നടപ്പാക്കുന്ന മെന്ററിംഗ് പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'സഹിതം' പോര്‍ട്ടലിലേക്ക് വിവരശേഖരണം ഉടന്‍ നടത്തും. ആദ്യ ഘട്ടമായി 1630 സ്‌കൂളിലെ ഒന്നു മുതല്‍ ഏഴു വരെ ക്ലാസിലെ കുട്ടികളുടെ വിവരശേഖരണമാണ് നടത്തുന്നത്. കുട്ടികളെ അധ്യാപകര്‍ സഹ രക്ഷിതാക്കളായി പിന്തുടര്‍ന്ന് പഠന പിന്തുണ ഉറപ്പാക്കുന്ന പദ്ധതിയാണിത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍