മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വച്ചയാള്‍ തുളു സംസാരിച്ചു

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വെച്ച ബാഗ് ഉപേക്ഷിച്ചയാള്‍ തുളു ഭാഷയിലാണ് സംസാരിച്ചതെന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍ മൊഴി നല്‍കി. ഇയാള്‍ പൊലീസ് ആവശ്യപ്രകാരം ഇന്നലെ ബജ്‌പെ പൊലീസ് സ്റ്റേഷനില്‍ ഹാജരായാണ് ഓട്ടോഡ്രൈവര്‍ ബോംബ് വെച്ചയാളിന്റെ വിവരങ്ങള്‍ നല്‍കിയത്.
കെഞ്ചാര്‍ എന്ന സ്ഥലത്തു നിന്നാണ് ആള്‍ ഓട്ടോയില്‍ കയറിയത്. സ്വകാര്യ ബസിലാണ് ഇയാള്‍ വന്നത്. കൈയില്‍ രണ്ട് ബാഗുകള്‍ ഉണ്ടായിരുന്നു. സലൂണിന് സമീപം ബാഗ് വെച്ചാണ് ഓട്ടോ വിളിച്ചത്. രാവിലെ 8.50 ന് ബജ്‌പെ വിമാനത്താവളത്തില്‍ എത്തി അല്പം കഴിഞ്ഞപ്പോള്‍ ഇയാള്‍ മടങ്ങിവന്നുവെന്നും ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. സൗമ്യമായാണ് ഇയാള്‍ സംസാരിച്ചത്. തുളു ഭാഷയിലാണ് സംസാരം മുഴുവന്‍. പിന്നീട് ഇയാളെ മംഗളുരു പമ്പ് വെല്ലില്‍ ഇറക്കുകയും വാടകയായി 400 രൂപ നല്‍കിയതായും ഓട്ടോ ഡ്രൈവര്‍വെളിപ്പെടുത്തി.
ഓട്ടോഡ്രൈവര്‍ പറഞ്ഞ രണ്ടു ബാഗുകളില്‍ ഒന്നാണ് വിമാനത്താവളത്തില്‍ ബോംബുമായി കണ്ടെത്തിയത്. ഡ്രൈവറുടെ മൊഴി പ്രകാരം രണ്ടാമത്തെ ബാഗിനായി പൊലീസ് അന്വേഷണം നടത്തുകയാണ്. സി.സി.ടി.വി ദൃശ്യങ്ങളില്‍ ഇയാള്‍ നടന്നുപോകുന്നത് കാണുന്നുണ്ടെങ്കിലും കൈയില്‍ ബാഗ് ഇല്ല.
സ്വയം പൊട്ടിത്തെറിക്കാത്ത എന്നാല്‍, പരിശീലനം ലഭിച്ചയാള്‍ക്ക് പൊട്ടിക്കാന്‍ കഴിയുന്ന സ്‌ഫോടക വസ്തുവാണ് ബാഗില്‍ കണ്ടെത്തിയത്. ഇത് അധികൃതര്‍ നിര്‍വീര്യമാക്കിയിരുന്നു


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍