ജെഎന്‍യു ക്യാമ്പസില്‍ പുലര്‍ച്ചെ പോലീസ് ഫ്‌ളാഗ് മാര്‍ച്ച്; നാലു പേര്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) വിദ്യാര്‍ഥികള്‍ക്കു നേരെ മുഖംമൂടി സംഘം നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് നാലുപേര്‍ പോലീസ് കസ്റ്റഡിയില്‍. എന്നാല്‍ പോലീസ് ഇതു സ്ഥിരീകരിച്ചിട്ടില്ല. അക്രമത്തെത്തുടര്‍ന്ന് ഡല്‍ഹി പോലീസ് പുലര്‍ച്ചെ ക്യാമ്പസില്‍ ഫ്‌ളാഗ് മാര്‍ച്ച് നടത്തി. ഫ്‌ളാഗ് മാര്‍ച്ചിനെതിരെ വിദ്യാര്‍ഥികള്‍ രംഗത്തെത്തി. പോലീസ് പുറത്തുപോകണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. അക്രമികളെ അറസ്റ്റ് ചെയ്യുകയാണ് ആദ്യം വേണ്ടതെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി.ഞായറാഴ്ച വൈകിട്ട് ഏഴോടെയാണ് ആക്രമണം ആരംഭിച്ചത്. വടികളും മാരകായുധങ്ങളുമായി അക്രമികള്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും ആക്രമിച്ചു. ക്യാമ്പസില്‍ ഹോസ്റ്റലുകളിലും ഗുണ്ടകള്‍ ആക്രമണം നടത്തി. എന്നിട്ടും ചെറുവിരല്‍ അനക്കാന്‍ ഡല്‍ഹി പോലീസ് തയാറായില്ല. മൂന്നു മണിക്കൂറോളം അക്രമികള്‍ ജെഎന്‍യു ക്യാമ്പസില്‍ അഴിഞ്ഞാടി. പരിക്കേറ്റവരെ കൊണ്ടുപോകുന്നതിനായി എത്തിയ ആംബുലന്‍സുകള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ഭീഷണിപ്പെടുത്തി. സബര്‍മതി ഹോസ്റ്റലിനുള്ളിലും കാവേരി ഹോസ്റ്റലിനുള്ളിലും മുഖംമൂടി ധരിച്ച അക്രമി സംഘം കടന്നുകയറി ആക്രമണം നടത്തി. ഹോസ്റ്റല്‍ അടിച്ചുതകര്‍ത്തു. സ്ത്രീകളടക്കമുള്ള സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്. ചിലര്‍ക്ക് നേരെ ആസിഡ് ആക്രമണമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. അധ്യാപക സംഘടനയുടെ പരിപാടിക്കിടെയായിരുന്നു അമ്പതോളം വരുന്ന മുഖം മറച്ച സംഘം വടികളുമായെത്തി അക്രമണമുണ്ടായത്. യൂണിയന്‍ നേതാക്കളെ അക്രമിച്ച ശേഷം ക്യാമ്പസിലെ സബര്‍മതി ഹോസ്റ്റലും വഴിയില്‍ പാര്‍ക്കു ചെയ്തിരുന്ന കാറുകളും അക്രമികള്‍ അടിച്ചുതകര്‍ത്തു. ഹോസ്റ്റല്‍ ഫീസ് വര്‍ധന, രജിസ്‌ട്രേഷന്‍ ബഹിഷ്‌കരണം എന്നിവയെ ചൊല്ലി തുടരുന്ന സംഘര്‍ഷത്തിനിടെയാണു ക്യാമ്പസിനുള്ളില്‍ അക്രമം ഉണ്ടായത്. അധ്യക്ഷ ഐഷി ഘോഷിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലയ്ക്കു പരിക്കേറ്റ എസ്എഫ്‌ഐ വനിതാ നേതാവായ ഐഷിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂണിയന്‍ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഡാനിഷിനും സുചിത്ര സെന്‍ ഉള്‍പ്പെടെ ഏതാനും അധ്യാപകര്‍ക്കും അക്രമണത്തില്‍ പരിക്കുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍