നിയമസഭാ പ്രമേയം : സര്‍ക്കാരിനോട് എതിര്‍പ്പുണ്ട്, ഏറ്റുമുട്ടാനില്ലെന്ന് ഗവര്‍ണര്‍

 കൊച്ചി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയത്തോട് തനിക്ക് എതിര്‍പ്പുണ്ടെങ്കിലും ഇതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനോട് ഏറ്റുമുട്ടാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാദ്ധ്യമങ്ങളോടു പറഞ്ഞു.സംസ്ഥാനത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള വിഷയത്തില്‍ പ്രമേയം പാസാക്കാന്‍ നിയമസഭയുടെ വിലയേറിയ സമയവും പണവും ചെലവഴിക്കുന്നതിനോടു യോജിപ്പില്ല. പ്രമേയം പാസാക്കാന്‍ നിയമസഭ ചേരുന്നതിന് ജനങ്ങളുടെ പണമാണ് ചെലവഴിച്ചത്. ഇര്‍ഫാന്‍ ഹബീബിനെ പോലുള്ളവരുടെ അഭിപ്രായത്തിനനുസരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. പാര്‍ലമെന്റ് പാസാക്കിയ നിയമം ബാധകമാക്കരുതെന്നും കേന്ദ്ര സര്‍ക്കാരിനോടു സഹകരിക്കരുതെന്നും സംസ്ഥാന സര്‍ക്കാരിനെ ഉപദേശിച്ചത് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസാണ്. സര്‍ക്കാരിനെ അവര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്.രാഷ്ട്രപതിയുടെ പ്രതിനിധിയെന്ന നിലയില്‍ ഭരണഘടനയ്ക്കും നിയമത്തിനും എതിരായ വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ ബാദ്ധ്യതയുണ്ട്. ഭരണഘടനയ്ക്കും നിയമത്തിനും വേണ്ടിയാണ് ഗവര്‍ണര്‍ നില കൊള്ളുന്നതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള പരാമര്‍ശങ്ങളുടെ പേരിലുള്ള പ്രതിഷേധങ്ങളെ ഭയക്കുന്നില്ല. സംസ്ഥാനത്തുടനീളം തന്നെ തടയണമെന്ന വിവിധ നേതാക്കളുടെ ആഹ്വാനങ്ങള്‍ വന്നശേഷം നിരന്തരം യാത്രയിലാണ് താന്‍. ആരും തടയാന്‍ എത്തിയതായി തോന്നിയിട്ടില്ല. ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കുന്നതില്‍ നിന്ന് വിമര്‍ശനങ്ങള്‍ക്ക് തന്നെ തടയാന്‍ കഴിയില്ല.പാലാരിവട്ടം ഫ്‌ളൈ ഓവര്‍ നിര്‍മ്മാണത്തിലെ അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണത്തിന് പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്ന കാര്യത്തില്‍ നിയമോപദേശം തേടിയിരിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍