വിഐപികളുടെ സുരക്ഷ: എന്‍എസ്ജിയെ പിന്‍വലിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ നിരവധി വിശിഷ്ട വ്യക്തികള്‍ക്കുള്ളസുരക്ഷ പിന്‍വലിച്ചതിനും ഗാന്ധി കുടുംബത്തിനു പ്രത്യേക സുരക്ഷാസേനയുടെ സംരക്ഷണം ഒഴിവാക്കിയതിനുംപിന്നാലെ വിഐപികളുടെ സുരക്ഷാജോലികളില്‍നിന്ന് എന്‍എസ്ജിയെ പൂര്‍ണമായി ഒഴിവാക്കാന്‍ കേന്ദ്രം തയാറെടുക്കുന്നു. രണ്ടു പതിറ്റാണ്ടോളംനീണ്ട സേവനത്തിനുശേഷമാണു ബ്ലാക്ക് ക്യാറ്റ് കമാന്‍ഡോകള്‍ എന്നറിയപ്പെടുന്ന സേനാംഗങ്ങള്‍ വിഐപി ഡ്യൂട്ടിയില്‍നിന്ന് പിന്മാറുന്നത്.1984ല്‍ സേന രൂപീകരിക്കുമ്പോള്‍ വിശിഷ്ട വ്യക്തികളുടെ സുരക്ഷാജോലി നിര്‍ദേശിക്കപ്പെട്ടിരുന്നില്ല എങ്കിലും പിന്നീട് എന്‍എസ്ജിയുടെ സുപ്രധാന ദൗത്യങ്ങളിലൊന്നായി ഇതു മാറുകയായിരുന്നു. എന്‍എസ്ജി സുരക്ഷയൊരുക്കിയിരുന്ന പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയരുടെ സംരക്ഷണം താമസിയാതെ അര്‍ധസൈനിക വിഭാഗത്തിനു കൈമാറും. എന്‍എസ്ജിപി സുരക്ഷയുള്ള മുന്‍ മുഖ്യമന്ത്രിമാരായ മായാവതി, മുലായം സിംഗ് യാദവ്, ചന്ദ്രബാബു നായിഡു, പ്രകാശ് സിംഗ് ബാദല്‍, ഫറൂഖ് അബ്ദുള്ള, ആസാം മുഖ്യമന്ത്രി സര്‍വാനന്ദ സോനോവാള്‍, ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ. അഡ്വാനി എന്നിവരുടെ കാര്യത്തിലും തീരുമാനം വ്യത്യസ്തമല്ല. വിശിഷ്ട വ്യക്തികളുടെ സുരക്ഷാജോലികള്‍ എന്‍എസ്ജിക്ക് അധികഭാരമാണെന്നു വിലയിരുത്തിയാണ് തീരുമാനം. ഏകദേശം 450 കമാന്‍ഡോകളുടെ സേവനം ഇതോടെ സേനയ്ക്കു കൂടുതലായി ഉപയോഗിക്കാനാകും. വിശിഷ്ട വ്യക്തികളുടെ സുരക്ഷാജോലി സിആര്‍പിഎഫിനും സിഐഎസ്എഫിനും നല്‍കാനാണു നിര്‍ദേശം. രണ്ടു സേനകളുംകൂടി ഏകദേശം 130 വിശിഷ്ടവ്യക്തികള്‍ക്ക് ഇപ്പോള്‍ സുരക്ഷയൊരുക്കുന്നുണ്ട്. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, അദ്ദേഹത്തിന്റെ ഭാര്യ, കോണ്‍ഗ്രസ് അധ്യക്ഷസോണിയ ഗാന്ധി, മക്കളായ പ്രിയങ്ക, രാഹുല്‍, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള തുടങ്ങിയവരുടെ സുരക്ഷ അടുത്തിടെ സിആര്‍പിഎഫ് ഏറ്റെടുത്തിരുന്നു. എന്‍എസ്എ തലവന്‍ അജിത് ഡോവല്‍, ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് തുടങ്ങിയവരുടെ സുരക്ഷാച്ചുമതല സിഐഎസ്എഫിനാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍