ജേക്കബ് തോമസിനെതിരായ അന്വേഷണത്തിനു സ്റ്റേ

കൊച്ചി: ബിനാമി സ്വത്ത് ഇടപാടുണ്ടെന്നാരോപിച്ചു ഡിജിപി ജേക്കബ് തോമസിനെതിരേ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കണമെന്ന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. തനിക്കെതിരായ അന്വേഷണത്തിനെതിരേ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍കൂടിയായ ജേക്കബ് തോമസ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജേക്കബ് തോമസ് തമിഴ്‌നാട്ടില്‍ ബിനാമി സ്വത്ത് ഇടപാടു നടത്തിയെന്ന് ആരോപിച്ച് കണ്ണൂര്‍ സ്വദേശി സത്യന്‍ നരവൂര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്തി ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര വകുപ്പ് ക്രൈംബ്രാഞ്ച് എസ്പിയോടു നിര്‍ദേശിച്ചത്. ആഭ്യന്തര വകുപ്പിന്റെ നടപടി അധികാരപരിധി മറികടന്നുള്ളതാണെന്നാണു ജേക്കബ് തോമസിന്റെ വാദം. ബിനാമി സ്വത്ത് ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ ചുമതലയുള്ളത് ഇന്‍കംടാക്‌സ് വകുപ്പിനാണ്. ഇസ്ര അഗ്രോടെക് സിസ്റ്റംസ് എന്ന കമ്പനിയുമായി ബന്ധപ്പെട്ടു തമിഴ്‌നാട്ടിലെ ബിനാമി സ്വത്ത് ഇടപാടിനെക്കുറിച്ച് ഇന്‍കംടാക്‌സ് നടത്തിവന്ന അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍