സര്‍ക്കാര്‍ ഉറപ്പാക്കുന്നത് തുല്യതയും സാമൂഹ്യനീതിയും: ജെ.മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: വീടെന്ന സുരക്ഷ ഒരുക്കിയ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് 1006 കുടുംബങ്ങള്‍. പത്തനാപുരത്തെ ലൈഫ് ഗുണഭോക്തൃ സംഗമത്തെ സാര്‍ഥകമാക്കിയത് ഈ ഒത്തുചേരല്‍. അവര്‍ക്ക് തുല്യതയും സാമൂഹ്യ നീതിയും ഉറപ്പാക്കി മുന്നോട്ടു നീങ്ങുന്ന സര്‍ക്കാരുണ്ടെന്ന് ഉറപ്പ് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ച മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ.
കാശുള്ളവന് മാത്രം ആനുകൂല്യം വാരിക്കോരി കൊടുക്കുന്ന സാഹചര്യം രാജ്യത്ത് നിലനില്‍ക്കെയാണ് അര്‍ഹതയുള്ള എല്ലാവര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കുന്നത്. പാര്‍പ്പിടവിദ്യാഭ്യാസആരോഗ്യശുചിത്വ സമ്പൂര്‍ണത ലക്ഷ്യമാക്കുന്ന വികസനമാണ് നടത്തുന്നത്.
രണ്ടു ഘട്ടങ്ങളിലായി ഭൂഭവന രഹിതര്‍ക്ക് വീട് നല്‍കി. രണ്ടുമില്ലാത്തവര്‍ക്ക് മൂന്നാം ഘട്ടം തുടങ്ങി. നാലാം ഘട്ടത്തില്‍ പുതിയ റേഷന്‍ കാര്‍ഡുള്ള അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി സജീവ് അധ്യക്ഷനായി. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.ബി അന്‍സാര്‍, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ജി രഞ്ജിത്ത് ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എച്ച്. നജീബ് മുഹമ്മദ്, ആര്‍. ആനന്ദരാജന്‍, ലതാ സോമരാജന്‍, എം. അജി മോഹന്‍, ബ്ലോക്ക്ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, എ ഡി സി സൗമ്യ ഗോപാലകൃഷ്ണന്‍, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി ആര്‍. സുദാസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. ലൈഫ് ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാക്കുന്നതിനായി ഇരുപതോളം വകുപ്പുകളുടെ സഹകരണത്തോടെ അദാലത്തും സംഘടിപ്പിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍