ശബരിമലയിലെ പൊലീസ് അതിക്രമം അവസാനിപ്പിക്കണം: കര്‍മ്മസമിതി

 കൊച്ചി: ശബരിമലയില്‍ അയ്യപ്പന്മാര്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമം അവസാനിപ്പിക്കണമെന്ന് ശബരിമല കര്‍മ്മ സമിതിയുടെയും വിവിധ സാമുദായിക സംഘടനാ നേതാക്ക ളുടെയും യോഗം  സര്‍ക്കാരിനോടാവശ്യപ്പെട്ടു. ശബരിമലയില്‍ അസൗകര്യങ്ങളാല്‍ വലയുകയാണ് ഭക്തര്‍. അതിനിടെയാണ് പൊലീസ് മര്‍ദ്ദനം. കുടിവെള്ളം ആവശ്യത്തിന് കിട്ടാനില്ല, വൃത്തിയുള്ള ശൗചാലയങ്ങളില്ല. പമ്പയില്‍ ഉള്‍പ്പെടെ വിരി വയ്ക്കാനുള്ള സൗകര്യം പരിമിതമാണ്. വനപ്രദേശങ്ങളില്‍ തടഞ്ഞിടുന്ന വാഹനങ്ങളിലുള്ളവര്‍ക്ക് ശുദ്ധജലവും ആഹാരവും കിട്ടുന്നില്ല. നിലയ്ക്കല്‍ പമ്ബ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ആവശ്യത്തിനില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.മകരം ഒന്നിന് കേരളത്തിലെമ്പാടും ബഹുജന പങ്കാളിത്തത്തോടെ മകരജ്യോതി തെളിക്കാനും തീരുമാനിച്ചു. യോഗം ആര്‍.എസ്.എസ് പ്രാന്തസംഘചാലക് പി.ഇ.ബി മേനോന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.എം.എസ് മുന്‍ പ്രസിഡന്റ് എന്‍. നീലകണ്ഠന്‍ അദ്ധ്യക്ഷത വഹിച്ചു. പന്തളം കൊട്ടാരം സെക്രട്ടറി നാരായണ വര്‍മ്മ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജി.രാമന്‍ നായര്‍, വി.എച്ച്.പി സംസ്ഥാന പ്രസിഡന്റ് ബി.ആര്‍. ബലരാമന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. കുഞ്ഞ്, ശബരിമല അയ്യപ്പസേവാസമാജം സംഘടനാ സെക്രട്ടറി വി.കെ. വിശ്വനാഥന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍