പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കുന്നത് അനാവശ്യം, ന്യായീകരിക്കാനാവില്ല: നിതീഷ്

പാറ്റ്‌ന: ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കുന്നത് അനാവശ്യമാണെന്നും ഒരുതരത്തിലും ഇതിനെ ന്യായീകരിക്കാനാവില്ലെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ദേശീയ ജനസംഖ്യാ രജിസ്റ്ററിനെ തന്റെ സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതാണെന്നും പത്തുവര്‍ഷം മുമ്പാണ് ഇത്തരമൊരു കണക്കെടുപ്പു നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ജാതി തിരിച്ചായിരിക്കണം ജനസംഖ്യാ കണക്കെടുപ്പു നടത്തേണ്ടതെന്ന നിര്‍ദേശവും മുഖ്യമന്ത്രി മുന്നോട്ടുവച്ചു. പട്ടികജാതി പട്ടികവര്‍ഗ സംവരണം സംബന്ധിച്ച ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രമേയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നിതീഷ് കുമാര്‍. 'പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷനേതാവിന്റെ ആവശ്യത്തോടു യോജിക്കുകയാണ്. എന്നാല്‍ ജലസംരക്ഷണവുമായി ബന്ധപ്പെട്ട് ഈ മാസം 19 വരെയുള്ള പരിപാടികള്‍ ഉള്ളത്തിനാല്‍ അതിനുശേഷം വിഷയം ചര്‍ച്ച ചെയ്യാം' മുഖ്യമന്ത്രി സഭയെ അറിയിച്ചു. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സംസ്ഥാനത്തിന്റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നു പ്രതിപക്ഷനേതാവ് തേജസ്വി യാദവ് സഭയില്‍ ആവശ്യപ്പെട്ടിരുന്നു. ജനതാദള്‍ എംപിമാര്‍ പാര്‍ലമെന്റില്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. ജനതാദള്‍(യു) ലോക്‌സഭാ കക്ഷി നേതാവായ രാജീവ് രഞ്ജന്‍ സിംഗ് നിയമ ഭേദഗതിയെ അനുകൂലിച്ചപ്പോള്‍ ദേശീയ ജനറല്‍ സെക്രട്ടറി പവന്‍ വര്‍മയും ദേശീയ വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോറും പാര്‍ലമെന്റില്‍ ബില്ലിനെ എതിര്‍ക്കുകയായിരുന്നു. പൗരത്വ രജിസ്‌ട്രേഷന്‍ സംസ്ഥാനത്ത് നടപ്പാക്കില്ലെന്നു നിതീഷ് കുമാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍