മകരജ്യോതി ; ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

ശബരിമല: മലമുകളില്‍ തെളിയുന്ന മകരജ്യോതിയുടെ പുണ്യവും തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനു മുന്നില്‍ നടക്കുന്ന ദീപാരാധനയും തൊഴാനായി ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്.മകരവിളക്കിനോടനുബന്ധിച്ച മകരസംക്രമ പൂജ ഇന്നു പുലര്‍ച്ചെ നടന്നു. സൂര്യന്‍ ധനു രാശിയില്‍നിന്നും മകരം രാശിയിലേക്കു നീങ്ങുന്ന മുഹൂര്‍ത്തത്തില്‍ നടക്കുന്ന മകരസംക്രമപൂജ പുലര്‍ച്ചെ 2.09നായിരുന്നു. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍നിന്നു ദൂതന്‍വശം കൊടുത്തുവിട്ട നെയ്യ് അഭിഷേകം ചെയ്താണ് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ മകരസംക്രമപൂജ നടത്തിയത്. പൂജയെത്തുടര്‍ന്ന് അടച്ച നട പുലര്‍ച്ചെ നാലിനു തുറന്നു. തുടര്‍ന്ന് നിര്‍മാല്യദര്‍ശനവും, അഭിഷേകവും 4.15 മുതല്‍ ഏഴു വരെ നെയ്യഭിഷേകവും 7.30 ന് ഉഷപൂജ. എട്ടു മുതല്‍ 11 വരെ നെയ്യഭിഷേകം .11.30 ന് കലശാഭിഷേകം, ഉച്ചപൂജ കഴിഞ്ഞ് 1.00 മണിക്ക് ക്ഷേത്ര നട അടയ്ക്കും. വൈകുന്നേരം അഞ്ചിനാണ് പിന്നീട് നട തുറക്കുക. പന്തളത്തുനിന്നും പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര കാനനപാതയിലൂടെ ശബരിമലയിലെത്തും. ക്ഷേത്ര സന്നിധിയിലെത്തുന്ന തിരുവാഭരണ പേടകത്തെ ദേവസ്വം മന്ത്രി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, സ്‌പെഷല്‍ കമ്മീഷണര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘം ഏറ്റുവാങ്ങും. തുടര്‍ന്ന് 6.30ന് ശ്രീകോവിലിനു മുമ്പില്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണ പേടകങ്ങള്‍ ഏറ്റുവാങ്ങി നട അടയ്ക്കും. തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധനയ്ക്കാണ് പിന്നീട് നട തുറക്കുക. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പ സന്നിധിയില്‍ ദീപാരാധന നടക്കുമ്പോഴാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നത്. മകരജ്യോതി ദര്‍ശനത്തിനായി അയ്യപ്പഭക്തര്‍ സാധ്യമായ സ്ഥലങ്ങളിലെല്ലാം ഇടം കണ്ടെത്തിയിരിക്കുകയാണ്. വന്‍ ഭക്തജനത്തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. സന്നിധാനത്തെ തിരക്ക് തുടരുമ്പോഴും പമ്പയില്‍നിന്ന് മല കയറുന്നവരുടെ എണ്ണത്തിലും കുറവില്ല. ഇന്നലെ പമ്പാസദ്യയും പമ്പവിളക്കും കഴിഞ്ഞ് എരുമേലിയില്‍ പേട്ട കെട്ടിയെത്തിയ അയ്യപ്പഭക്തരുടെ സംഘം മല കയറി. ഇവരോടൊപ്പം ശരണംവിളികളോടെ നൂറു കണക്കിന് അയ്യപ്പഭക്തരും ഇരുമുടിക്കെട്ടുമായി മല കയറുന്നുണ്ട്. ഇന്ന് ഉച്ചയോടെ പമ്പയില്‍ അയ്യപ്പഭക്തരെ തടയും. പിന്നീട് മകരവിളക്ക് കഴിഞ്ഞു സന്നിധാനത്തുള്ള അയ്യപ്പഭക്തര്‍ ഏറെയും ഇറങ്ങിയശേഷമേ പമ്പയില്‍നിന്നു മല കയറാന്‍ അനുവദിക്കൂ. സന്നിധാനത്തും പമ്പയിലുമായി മകരജ്യോതി ദര്‍ശിക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ പമ്പയ്ക്കു പുറത്ത് ചാലക്കയം, അട്ടത്തോട്, ആങ്ങമൂഴി പഞ്ഞിപ്പാറ, പുല്ലുമേട്, ഉപ്പുപാറ, പാഞ്ചാലിമേട്, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങളിലും ഇത്തവണ സുരക്ഷാക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. പോലീസിന്റെയും പ്രത്യേക സേനാ വിഭാഗങ്ങളുടെയും സുരക്ഷാവലയത്തിലാണ് അയ്യപ്പഭക്തരുടെ യാത്ര ക്രമീകരിച്ചിട്ടുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍