തടഞ്ഞതില്‍ പരാതിയില്ല, വിവാദങ്ങളോടു താത്പര്യമില്ല: നൊബേല്‍ ജേതാവ്

കോട്ടയം: ദേശീയ പണിമുടക്കിനിടെ സമരാനുകൂലികള്‍ ഹൗസ് ബോട്ട് തടഞ്ഞതില്‍ പരാതിയില്ലെന്നു നൊബേല്‍ സമ്മാന ജേതാവ് മൈക്കിള്‍ ലെവിറ്റ്. വിവാദങ്ങളോടു താത്പര്യമില്ലെന്നു ലെവിറ്റ് മാധ്യമങ്ങളോടു പ്രതികരിച്ചു. സംഭവത്തിനുശേഷം ലെവിറ്റ് ആലപ്പുഴ ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷമാണു പരാതിയില്ലെന്ന നിലപാടു സ്വീകരിച്ചത്.
സമരാനുകൂലികള്‍ ഹൗസ് ബോട്ട് തടഞ്ഞതിനെ ബുധനാഴ്ച ലെവിറ്റ് നിശിതമായി വിമര്‍ശിച്ചിരുന്നു. താന്‍ കൊള്ളക്കാരുടെ തോക്കിനു മുന്നില്‍ പെട്ടപോലെയായിരുന്നു എന്നാണു ലെവിറ്റ് സംഭവശേഷം മാധ്യമങ്ങളോടു പ്രതികരിച്ചത്. കായലില്‍ വിനോദസഞ്ചാരികളെ തടയുന്നതു കേരള ടൂറിസത്തിനുതന്നെ തിരിച്ചടിയാണ്. ഇതു കേരളത്തെക്കുറിച്ച് തെറ്റായ സന്ദേശം നല്കുന്നു. സര്‍ക്കാരിന്റെ അതിഥിയായിട്ടും വിഐപിയായിട്ടും ഒരു മണിക്കൂറോളം തന്നെ തടഞ്ഞുവച്ചെന്നും ലെവിറ്റ് കുറ്റപ്പെടുത്തി.
ലെവിറ്റും ഭാര്യയുമുള്‍പ്പെടെയുള്ളവര്‍ യാത്ര ചെയ്ത ബോട്ടാണ് ഒന്നര മണിക്കൂറോളം സമരാനുകൂലികള്‍ കെട്ടിയിട്ടത്. കുമരകത്തുനിന്നു വിനോദസഞ്ചാരികളുമായെത്തിയ ലേക്വ്യൂ റിസോര്‍ട്ടിന്റെ ഹൗസ് ബോട്ട് ആര്‍ ബ്ലോക്കില്‍ രാവിലെ 10.30 ഓടെയാണ് തടഞ്ഞത്. സമരക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്നു കരയ്ക്കടുപ്പിച്ച ബോട്ട് സമരക്കാര്‍ കെട്ടിയിടുകയായിരുന്നു. ഇതോടൊപ്പം തടഞ്ഞ ഏഴു ബോട്ടുകളും സമരക്കാര്‍ കെട്ടിയിട്ടു.
11.30 ഓടെയാണു സംഭവം തങ്ങളറിഞ്ഞതെന്നു പുളിങ്കുന്ന് എസ്‌ഐ പറഞ്ഞു. ബോട്ടില്‍ പോലീസ് സംഘം എത്തിയപ്പോഴേക്കും സമരക്കാര്‍ വിനോദസഞ്ചാരികളെ യാത്ര തുടരാന്‍ അനുവദിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു കേസെടുത്തിട്ടുണ്ടെങ്കിലും ആരാണ് ഇതിനു പിന്നിലെന്നു വ്യക്തമായിട്ടില്ലെന്നാണു പോലീസ് പറയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍