എല്‍.ഡി.എഫിന്റെ മനുഷ്യ മഹാശൃംഖലയ്ക്ക് സാക്ഷിയായി കേരളം, ലക്ഷങ്ങള്‍ അണിനിരന്നു

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മഹാശൃംഖലയ്ക്ക് കേരളം സാക്ഷിയായി. മനുഷ്യ മഹാശൃംഖലയില്‍ 70ലക്ഷം പേര്‍ അണിചേര്‍ന്നുവെന്നാണ് നേതാക്കള്‍ അറിയിച്ചത്. കളിയിക്കാവിള മുതല്‍ കാസര്‍കോട് വരെ ഇന്നലെ വൈകിട്ട് 4 നാണ് ശൃംഖല തീര്‍ത്തത്. കാസര്‍കോട്ട് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള ആദ്യ കണ്ണിയായി. കളിയിക്കാവിളയില്‍ പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി അവസാന കണ്ണിയുമായി. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ തിരുവനന്തപുരം പാളയത്ത് കണ്ണികളായി. കാസര്‍കോട് നിന്ന് തുടങ്ങുന്ന ശൃംഖല റോഡിന്റെ വലതുഭാഗം ചേര്‍ന്നായിരിന്നു കണ്ണി തീര്‍ത്തത്. ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ ചൊല്ലിയാണ് മനുഷ്യ മഹാശൃംഖല ആരംഭിച്ചത് . ഒരുമണിക്കൂറാണ് പരിപാടി. തുടര്‍ന്ന് 250 കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങള്‍ നടക്കുന്നു. പാളയത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തു. കാസര്‍കോട് കണ്ണൂര്‍ രാമനാട്ടുകര മലപ്പുറം പെരുന്തല്‍മണ്ണ പട്ടാമ്പി തൃശൂര്‍ എറണാകുളം ആലപ്പുഴ തിരുവന്തപുരം കളിയിക്കാവിള റൂട്ടിലാണ് മഹാശൃംഖല തീര്‍ത്തത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍, എം.വി. ഗോവിന്ദന്‍, സി.കെ.നാണു, ജമീലപ്രകാശം, ആര്‍.ബാലകൃഷ്ണപിള്ള, അഡ്വ. ആന്റണി രാജു, കെ.പ്രകാശ് ബാബു, സി. ദിവാകരന്‍, വി.ശശി, ചാരുപാറ രവി, വി. സുരേന്ദ്രന്‍പിള്ള തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളിലായി ശൃംഖലയില്‍ അണിനിരന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍