റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം; കനത്ത സുരക്ഷ

ന്യൂഡല്‍ഹി: 71-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായി രാജ്യം ഒരുങ്ങി. നാളെ ഡല്‍ഹി രാജ്പഥില്‍ നടക്കുന്ന ഔദ്യോഗിക ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തും. ബ്രസീല്‍ പ്രസിഡണ്ട് ജൈര്‍ ബോള്‍സനാരോമുഖ്യാതിഥിയാകും. രാഷ്ട്രപതി ഇന്ന് വൈകീട്ട് 7 മണിക്ക് റിപ്പബ്ലിക് ദിന സന്ദേശം നല്‍കും.
പൌരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്താകമാനം തുടരവെയാണ് റിപ്പബ്ലിക് ദിനാഘോഷം. അതിനാല്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാജ്പഥിലേക്കുള്ള റോഡുകള്‍, പൊതു സ്ഥലങ്ങള്‍, പ്രതിഷേധ വേദികള്‍ തുടങ്ങിയ ഇടങ്ങളില്‍ കൂടുതല്‍ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ചെങ്കോട്ട അടക്കമുള്ളവിടങ്ങളിലായി 150 സിസിടിവി കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.
രാഷ്ട്രപതി രാജ്പഥിലൊരുക്കിയിട്ടുള്ള വേദിയിലെത്തുന്നതോടെയാണ് പരിപാടികള്‍ക്ക് തുടക്കമാവുക. കാലത്ത് 9 മണിക്ക് രാഷ്ട്രപതി ദേശീയ പതാക ഉയര്‍ത്തും. വിശിഷ്ട സേവാ മെഡലുകള്‍ വിതരണം ചെയ്യും. ശേഷം ആര്‍മി നേവി എയര്‍ഫോഴ്‌സ് സേന വിഭാഗങ്ങളുടെ പരേഡും സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യ പ്രദര്‍ശനവും നടക്കും.
ബ്രസീല്‍ പ്രസിഡണ്ട് ജൈര്‍ മെസ്സിയസാണ് മുഖ്യാതിഥി. കഴിഞ്ഞ ജനുവരിയില്‍ പ്രസിഡന്റായ ശേഷം ആദ്യമായാണ് ജൈര്‍ മെസിയസ് ഇന്ത്യയിലെത്തുന്നത്. ജൈര്‍ മെസ്സിയസിന്റെ നിലപാടുകളിലെ വിയോജിപ്പ് ചൂണ്ടിക്കാട്ടി സിപിഐ പരിപാടി ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചു. പൌരത്വ ഭേദഗതി നിയമത്തിനെതിരെ സമരം തുടരുന്ന ശഹീന്‍ ബാഗ്, ജാമിഅ തുടങ്ങിയ ഇടങ്ങളില്‍ റിപ്പബ്ലിക് ദിനാഘോഷവും ഭരണഘടന സംരക്ഷ പരിപാടികളും നിശ്ചയിച്ചിട്ടുണ്ട്. അലിഖണ്ഡ് മുസ്‌ലിം സര്‍വകലാശാലയിലെ ആഘോഷം ബഹിഷ്‌കരിച്ച് പുറത്ത് പരിപാടി സംഘടിപ്പിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍